പാലക്കാട്: ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പരാതി ഉണ്ടെങ്കിൽ അത് നേതൃത്വത്തോടല്ലെ പറയുകയെന്നും രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. താൻ നേതൃത്വത്തിന്റെ ഭാഗമല്ലെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു. പാലക്കാട് താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്ന ചാണ്ടി ഉമ്മൻ്റെ പ്രസ്താവനയോടായിരുന്നു രാഹുൽ മാങ്കൂട്ടത്തലിൻ്റെ പ്രതികരണം.
തനിക്ക് ചാണ്ടി ഉമ്മനോട് ഒരു പ്രശ്നവുമില്ലെന്നും കോൺഗ്രസിലെ ഏതെങ്കിലും നേതാക്കൾ തമ്മിൽ ഭിന്നതയില്ലെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാണിച്ചു. ചാണ്ടി ഉമ്മൻ തനിക്ക് സഹോദരതുല്യനായ ആളാണെന്നും രാഹുൽ വ്യക്തമാക്കി. പാർട്ടി നേതൃത്വത്തോട് ആണ് ചാണ്ടി ഉമ്മൻ പരാതി പറഞ്ഞത്. താൻ നേതൃത്വത്തിന്റെ ഭാഗമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാണിച്ചു, ചാണ്ടി ഉമ്മന്റെ സാന്നിധ്യം പാലക്കാട് ഗുണം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ മാങ്കൂട്ടത്തിൽ എല്ലാവർക്കും എല്ലായിടത്തും പോകാൻ കഴിയില്ലെന്നും പറഞ്ഞു. എന്നാൽ പരമാവധി കഴിയാവുന്ന എല്ലായിടത്തും ചാണ്ടി ഉമ്മൻ എത്തിയിട്ടുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത് വന്നിരുന്നു. താൻ ഒഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാണിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ പിന്തുണയ്ക്കുന്നതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. കെ സുധാകരനെ മാറ്റേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചർച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പുനഃസംഘടനയിൽ എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകണമെന്നും ചില ആളുകളെ മാറ്റിനിർത്തുന്ന രീതി പാർട്ടിയിൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
Content Highlights: Rahul mamkootathil react on chandy Oommen's reaction