കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന ലഭിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സന്നിധാനം സ്പെഷ്യൽ ഓഫീസർ പി ബിജോയ്. നടന് പൊലീസ് യാതൊരു പ്രത്യേക പരിഗണനയും ചെയ്തുനൽകിയിട്ടില്ലെന്നും ദേവസ്വം ഗാർഡുകളാണ് വേണ്ടതെല്ലാം ചെയ്തുകൊടുത്തതെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഹരിവരാസനത്തിനായി നട അടയ്ക്കുന്നതിന് അൽപ്പ സമയം മുൻപ് ദേവസ്വം ഓഫീസർമാരുമൊത്ത് മാത്രമാണ് ദിലീപ് എത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. ഒപ്പം ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനും മകനും ഉണ്ടായിരുന്നു. ദേവസ്വം ഗാർഡുമാരാണ് ദിലീപിനെ മുൻപിലേക്ക് കയറ്റിനിർത്തിയത്. പൊലീസിനല്ല, സോപാനം സ്പെഷ്യൽ ഓഫിസർക്കാണ് ഇവിടെ ചുമതല എന്നും റിപ്പോർട്ടിലുണ്ട്.
ഒരു സ്ഥലത്തുവെച്ചും ദിലീപിന് പൊലീസ് സഹായം നൽകിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തുള്ള എല്ലാ പൊലീസ് ഓഫീസർമാർക്കും അവർ ചെയ്യേണ്ട ജോലിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എല്ലാം ചെയ്തുകൊടുത്തത് ദേവസ്വം ഗാർഡുകളാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും തിരുവിതാംകൂർ ദേവസ്വത്തിന്റെ വിജിലൻസ് അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണെന്നും കോടതിയിൽ സമർപ്പിക്കപ്പെട്ടത് റിപ്പോർട്ടിൽ പറയുന്നു.
ദിലീപും സംഘവും വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് ശബരിമല സ്‌പെഷല്‍ കമ്മീഷണർ സത്യവാങ്മൂലം സമർപ്പിച്ചത്. നേരത്തെ ഈ വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
Content Highlights: Report on Dileeps VIP Darshan at Highcourt