തിരുവനന്തപുരം : ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ വീടിനുള്ളിൽ സിസിടിവി കാമറ സ്ഥാപിച്ച അച്ഛനെതിരെ മക്കൾ വനിതാ കമ്മിഷനിൽ പരാതി നൽകി. ഇന്ന് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാണ് പെൺകുട്ടികൾ പരാതിയുമായി എത്തിയത്. ഇത്തരം കേസുകൾ അടുത്തിടെ കൂടി വരുന്നതായി വനിതാ കമ്മീഷൻ ചെയപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു.
വിവാഹശേഷം ഭാര്യയെ പഠിക്കാൻ വിടാനോ ജോലിക്ക് വിടാനോ താത്പര്യം ഇല്ലാത്ത ഭർത്താക്കന്മാർക്ക് എതിരെയും പരാതി വന്നിട്ടുണ്ട്. പത്രമാധ്യമ സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപികരിക്കാത്തത് സംബന്ധിച്ച പരാതിയും കമ്മീഷന്റെ മുമ്പാകെ എത്തി.
കൂടുതൽ ജീവനക്കാരുള്ള എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപികരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും കമ്മിറ്റി ക്യത്യമായി യോഗം ചേരുകയും പരാതികൾ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും കമ്മീഷൻ നിരീക്ഷിച്ചു. സ്വത്ത് വാങ്ങിച്ച ശേഷം വൃദ്ധരായ മാതാക്കളെ മക്കൾ നോക്കുന്നില്ല എന്ന മുതിർന്ന സ്ത്രീകളുടെ പരാതികളും കമീഷന്റെ മുമ്പാകെ കൂടുതലായി എത്തുന്നുണ്ടെന്നും വനിതാ കമ്മീഷൻ ചെയപേഴ്സൺ അഡ്വ പി സതീദേവി പറഞ്ഞു.
തൈക്കാട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടന്ന അദാലത്തിന് ചെയർപേഴ്സൺ അഡ്വ പി സതീദേവി, അംഗങ്ങളായ വിആർ മഹിളാമണി, അഡ്വ പി കുഞ്ഞായിഷ എന്നിവർ നേതൃത്വം നൽകി. സി ഐ ജോസ് കുര്യൻ, എസ്ഐ മിനുമോൾ, അഭിഭാഷകരായ എസ് സിന്ധു, സൗമ്യ, സൂര്യ, കൗൺസിലർ സിബി എന്നിവരും പരാതികൾ കേട്ടു. ആകെ പരിഗണിച്ച 300 പരാതികളിൽ 71 പരാതികൾ പരിഹരിച്ചു.19 പരാതികളിൽ റിപ്പോർട്ട് തേടി. മൂന്നെണ്ണം കൗൺസിലിങ്ങിന് വിട്ടു. 207 പരാതികൾ അടുത്ത മാസത്തെ അദാലത്തിലേക്ക് മാറ്റിവെച്ചു.
Content Highlight : A camera inside the house to monitor his wife and children; The children filed a complaint against the father in the Women's Commission