ന്യൂഡല്‍ഹി: ഹേമ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴി തിരുത്തിയെന്ന് സംശയമുണ്ടെന്ന് ആരോപിച്ച് മലയാള സിനിമാ നടി സുപ്രീംകോടതിയില്‍. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയില്ല. എസ്‌ഐടി തന്നെ സമീപിച്ചില്ലെന്നും നടി സുപ്രീംകോടതിയില്‍ പറഞ്ഞു. സജിമോന്‍ പാറയിലിന്റെ അപ്പീലില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് നടി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നതെന്നും നടി പറഞ്ഞു. തന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ട്. ഹേമ കമ്മിറ്റിയുടെ നടപടികള്‍ പരിപൂര്‍ണതയില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കി. നടിക്ക് വേണ്ടി അഭിഭാഷക ലക്ഷ്മി എന്‍ കൈമളാണ് അപേക്ഷ ഫയല്‍ ചെയ്തത്.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സുപ്രീംകോടതി റദ്ദാക്കിയാല്‍ പല ഇരകളുടെയും മൗലികാവകാശം ലംഘിക്കപ്പെടുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി നടി മാലാപാര്‍വതിയും മറ്റൊരു ചലച്ചിത്ര പ്രവര്‍ത്തകയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളണമെന്ന് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒരു ഭാഗത്ത് തൊഴില്‍ മേഖലയില്‍ സുരക്ഷ വേണമെന്ന് വാദിക്കുന്നവരാണ് മറ്റൊരു ഭാഗത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് വനിത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Content Highlights- acress approach against sit who investigate hema committee report in supreme court