കോഴിക്കോട്: പരസ്യ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ വീഡിയോഗ്രാഫറായ യുവാവ് മരിച്ചതില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം നടന്നതായി സൂചന. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേരള രജിസ്‌ട്രേഷനിലുള്ള 'ഡിഫന്‍ഡര്‍' വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന സംശയത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തെലങ്കാന രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. തുടര്‍ന്ന് കോഴിക്കോട് ആര്‍ടിഒ നടത്തിയ ഇരുവാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ തെലങ്കാന രജിസ്‌ട്രേഷനിലുള്ള കാറിൻ്റെ മുന്‍വശത്തെ ക്രാഷ് ഗാര്‍ഡിലും ബോണറ്റിലും അപകടം ഉണ്ടായതിൻ്റെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.
ഒപ്പം പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവികളില്‍ നിന്നും തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം ആല്‍വിനെ ഇടിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തെലങ്കാന കാറിന് ഇന്‍ഷൂറന്‍സും റോഡ് നികുതിയും ഇല്ലാത്തതിനാലാവാം ഇത്തരമൊരു ആസൂത്രിത നീക്കം നടന്നത്. ഇത് സംബന്ധിച്ച് ബുധനാഴ്ച അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്. ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്. വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡില്‍ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.
Content Highlights: Kozhikkode Reels Accident no insurance For Vehicle