കൊടുങ്ങല്ലൂര്‍: നഗരസഭയിലെ ചേരമാന്‍ ജുമാ മസ്ജിദ് വാര്‍ഡില്‍ വോട്ട് കുത്തനെ ഉയര്‍ത്തി കോണ്‍ഗ്രസ്. മണ്ഡലം നിലനിര്‍ത്തിയത് ബിജെപിക്ക് ആശ്വാസത്തിന് വക നല്‍കിയെങ്കിലും വോട്ട് കുറഞ്ഞത് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ടി ഡി വെങ്കിടേശ്വരന്‍ 210 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിടത്ത് ഇത്തവണ 66 വോട്ടുകള്‍ക്കാണ് വാര്‍ഡ് നിലനിര്‍ത്തിയത്.
ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി ഗീതാറാണി 269 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ 203 വോട്ടും സിപിഐ സ്ഥാനാര്‍ത്ഥി സുരേഷ് ജി എസ് 131 വോട്ടും നേടി. സംഘടനാപരമായി മറ്റു ചുമതലകള്‍ നിര്‍വഹിക്കാന്‍ ഉണ്ടെന്ന് അറിയിച്ചാണ് വെങ്കിടേശ്വരന്‍ രാജിവെച്ചത്. 2020 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 367 വോട്ടും കോണ്‍ഗ്രസിന് 157 വോട്ടും എല്‍ഡിഎഫിന് 118 വോട്ടുമാണ് ലഭിച്ചത്. 2020നെക്കാൾ സിപിഐയും ഇവിടെ വോട്ട് വർദ്ധിപ്പിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് ഭരിക്കുന്ന കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫിന് 22 അംഗങ്ങളുടേയും ബിജെപിക്ക് 21 അംഗങ്ങളുടേയും പിന്തുണയാണുള്ളത്. കോണ്‍ഗ്രസിന് ഒരു സീറ്റും. ചേരമാന്‍ മസ്ജിദ് വാര്‍ഡ് നിലനിര്‍ത്താനായത് ബിജെപിക്ക് ആശ്വാസമാണ്. ഏക യുഡിഎഫ് അംഗത്തിന്റെ പിന്തുണ ലഭിച്ചാല്‍ അവിശ്വാസം കൊണ്ടുവരാനാകും.
Content Highlights: Local Body Bypoll Congress increase vote in kodungallur municipality cheraman juma masjid ward