തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തില്‍ എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചു

തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു

dot image

കൊച്ചി: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം. 13 ല്‍ നിന്നും 17 ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയര്‍ത്തി. എല്‍ഡിഎഫ് 11 സീറ്റുകളില്‍ വിജയിച്ചു. എല്‍ഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥിതി.

തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടു.

തിരുവനന്തപുരം

വെള്ളറട പഞ്ചായത്തിലെ കരിക്കാമന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ അഖില മനോജ് 130 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊല്ലം

ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളിലെ ആറുവാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പടിഞ്ഞാറേ കല്ലട പഞ്ചായത്തിലെ നടുവിലക്കര, ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട്, കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി, ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി, തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക്, പാലയ്ക്കല്‍ വടക്ക് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

വെസ്റ്റ് കല്ലട പഞ്ചായത്തിലെ നടുവിലക്കര വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ബിജെപി മൂന്നാമതായി.

കുന്നത്തൂര്‍ പഞ്ചായത്തിലെ തെറ്റിമുറി വാര്‍ഡ് ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിറ്റിംഗ് സീറ്റില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയി.

എരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി വാര്‍ഡ് സിപിഐഎം നിലനിര്‍ത്തി. സ്ഥാനാര്‍ത്ഥി മഞ്ജു 87 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ ഷൈനി രണ്ടാമതായി.

തേവലക്കര പഞ്ചായത്തിലെ കോയിവിള തെക്ക് യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇതേ പഞ്ചായത്തിലെ പാലക്കല്‍ വടക്ക് എല്‍ഡിഎഫ് സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ചടയമംഗലം പഞ്ചായത്തിലെ പൂങ്കോട് സിപിഐഎം സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.

പത്തനംതിട്ട

പന്തളം ബ്ലോക്ക് പഞ്ചായത്ത് വല്ലന ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശരത് മോഹന്‍ 245 വോട്ടുകള്‍ക്ക് വിജയിച്ചു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂര്‍ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോളി ഡാനിയേല്‍ വിജയിച്ചു. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റില്‍ 1,309 വോട്ടുകള്‍ക്കാണ് ജോളി ഡാനിയേല്‍ വിജയിച്ചത്. നിരണം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. 28 വര്‍ഷമായി എല്‍ഡി എഫ് വിജയിച്ചിരുന്ന വാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. 211 വോട്ടിന് യു.ഡി എഫിലെ റെജി കണിയാംകണ്ടത്തില്‍ വിജയിച്ചു.

കോന്നി അരുവാപ്പുലം പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി മിനി രാജീവ് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിലാണ് മിനി രാജീവ് വിജയിച്ചത്. എഴുമറ്റൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വിജയം റാണി ആര്‍ 48 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് ബിജെപി സ്ഥാനാര്‍ത്ഥി റാണി ആര്‍ വിജയിച്ചത്. ജില്ലയില്‍ 3 സീറ്റില്‍ യുഡിഎഫും ഒരു സീറ്റില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ എന്‍ഡിഎയും വിജയിച്ചു.

ആലപ്പുഴ

ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് വാര്‍ഡില്‍ സിപിഐഎം വിജയിച്ചു. സിപിഐഎം സിറ്റിംഗ് സീറ്റാണിത്. പത്തിയൂര്‍ പഞ്ചായത്തിലെ എരുവ വാര്‍ഡ് സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ദീപക് 99 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ ശിവശങ്കരപ്പിള്ളയെ തോല്‍പ്പിച്ചു. സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ ജില്ലാ പഞ്ചായത്ത് അംഗം ബിബിന്‍ സി ബാബുവിന്റെ നാടാണ് പത്തിയൂര്‍.

കോട്ടയം

ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി റുബീന നാസര്‍ 100 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എസ്ഡിപിഐ ആണ് രണ്ടാം സ്ഥാനത്ത്.

അതിരമ്പുഴ പഞ്ചായത്തിലെ ഐടിഐ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി മാത്യൂ ടി ഡി 216 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ഇടുക്കി

കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡിലേക്ക് നടന്ന തിഞ്ഞെടുപ്പില്‍ യുഡിഎഫിലെ ദിലീപ് കുമാര്‍ വിജയിച്ചു. 177 വോട്ടുകള്‍ക്കാണ് ആണ് വിജയം ഉറപ്പിച്ചത്. മുമ്പ് യുഡിഎഫ് അംഗം കൂറു മാറിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കൂറുമാറിയ യുഡിഎഫ് അംഗത്തിന്റെ പിന്തുണയോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം നടത്തി വരികയായിരുന്നു. നിലവില്‍ യുഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി സാന്ദ്ര മോള്‍ ജിന്നി 753 വോട്ടുകള്‍ ആണ് വിജയിച്ചത്. നിലവില്‍ യുഡിഎഫ് തന്നെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണം നടത്തുന്നത്. മുന്‍പ് യുഡിഎഫ് അംഗം കൂറുമാറിയതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.

തൃശ്ശൂര്‍

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ ജുമാ മസജിദ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ഗീതാ റാണി വിജയിച്ചു. 66 വോട്ടുകള്‍ക്ക് ബിജെപി സീറ്റ് നിലനിര്‍ത്തുകയായിരുന്നു. വാര്‍ഡില്‍ കോണ്‍ഗ്രസ് വോട്ട് കുത്തനെ ഉയര്‍ത്തി. മണ്ഡലം നിലനിര്‍ത്തിയത് ബിജെപിക്ക് ആശ്വാസത്തിന് വകനല്‍കിയെങ്കിലും വോട്ട് കുറഞ്ഞത് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ടി ഡി വെങ്കിടേശ്വരന്‍ 210 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിടത്ത് ഇത്തവണ 66 വോട്ടുകള്‍ക്കാണ് വാര്‍ഡ് നിലനിര്‍ത്തിയത്.

ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പൂശപ്പിള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. 25 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ സെബി വിജയിച്ചത്.

നാട്ടിക പഞ്ചായത്തിലെ ഗോഖലെ വാര്‍ഡ് സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വിനു 115 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ വി ശ്രീകുമാറിനെയാണ് തോല്‍പ്പിച്ചത്.

പാലക്കാട്

ചാലിശ്ശേരി പഞ്ചായത്തിലെ ചാലിശ്ശേരി മെയിന്‍ റോഡ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി.

തച്ചമ്പാറ പഞ്ചായത്തിലെ കോഴിയോട് എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ ഇവിടെ ഭരണം പിടിച്ചെടുക്കാനും യുഡിഎഫിനായി

കൊടുവായൂര്‍ പഞ്ചായത്തിലെ കോളോട് സിപിഐഎം സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.

മലപ്പുറം

ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളില്‍ രണ്ട് സീറ്റ് യുഡിഎഫും ഒരു സീറ്റ് എല്‍ഡിഎഫും പിടിച്ചെടുത്തു. ജില്ലാപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. തൃക്കലങ്ങോട് വാര്‍ഡാണ് യുഡിഎഫ് നിലനിര്‍ത്തിയത്.

മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം ഡിവിഷന്‍ സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. പതിറ്റാണ്ടുകളായി ഇടതുപക്ഷം വിജയിച്ചുവരുന്ന വാര്‍ഡ് ആണിത്. ഇവിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫൈസല്‍ മോന്‍ 43 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ വിബിനെ പരാജയപ്പെടുത്തിയത്.

തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാര്‍ഡ് സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ ലൈല ജലീല്‍ വിജയിച്ചത്.

ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്നും സിപിഐഎം പിടിച്ചെടുത്തു. സിപിഐഎമ്മിലെ അബ്ദുറു 410 വോട്ടിനാണ് വിജയിച്ചത്.

കോഴിക്കോട്

കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് കോണ്‍ഗ്രസ്സ് നിലനിര്‍ത്തി.

കണ്ണൂര്‍

മാടായി പഞ്ചായത്തിലെ മാടായി എല്‍ഡിഎഫ് നിലനിര്‍ത്തി. 234 വോട്ടുകള്‍ക്കാണ് സിപിഐഎം സ്ഥാനാര്‍ത്ഥി മണി പവിത്രന്‍ വിജയിച്ചത്. കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം എല്‍ഡിഎഫ് നിലനിര്‍ത്തി.

Content Highlights: Local Body Bypoll udf won in 17 seats and ldf in 1

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us