തിരുവനന്തപുരം: യുഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫിന് എല്‍.ഡി.എഫില്‍ നിന്നും ഭരണം തിരിച്ചു പിടിച്ചടക്കാനായെന്നും, തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് നിലനില്‍ക്കുന്ന അതിശക്തമായ ഭരണവിരുദ്ധ വികാരത്തിൻ്റെ തെളിവാണെന്നും വാർത്താകുറിപ്പിലൂടെ വി ഡി സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയമാണ് നേടിയത്. സമീപകാല ഉപതിരഞ്ഞെടുപ്പുകളിലെ വിജയക്കുതിപ്പ് നിലനിര്‍ത്താനായെന്നും 13ൽ നിന്നും 17ലേക്ക് യുഡിഎഫ് സീറ്റ് വിഹിതം ഉയര്‍ത്തി. പാലക്കാട് തച്ചന്‍പാറ, തൃശ്ശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണം യുഡിഎഫ് അവസാനിപ്പിച്ചു. അതിശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫില്‍ നിന്ന് 9 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. 15 സീറ്റില്‍ നിന്ന് 11 ലേക്ക് എല്‍ഡിഎഫ് കൂപ്പുകുത്തിയെന്നും പ്രതിപക്ഷ നേതാവിൻ്റെ വാർത്താകുറിപ്പിൽ പറയുന്നു.
'മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ കഴിഞ്ഞ തവണത്തേതിൻ്റെ നാലിരട്ടി ഭൂരിപക്ഷത്തിനാണ് യുഡിഎഫ് നിലനിര്‍ത്തിയത്. മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം വാര്‍ഡ് 35 വര്‍ഷത്തിനു ശേഷം യുഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ചടയമംഗലം പൂങ്കോട് വാര്‍ഡ് രണ്ടു പതിറ്റാണ്ടിനു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചു. പത്തനംതിട്ട ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളില്‍ മൂന്നിടത്തും യുഡിഎഫ് വിജയിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ ഇല്ലായ്മയാണെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതാണ് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിജയം യുഡിഎഫിന് ഊര്‍ജ്ജം പകരും. അഴിമതിയും സ്വജപക്ഷപാതവും ജനവിരുദ്ധതയും നിറഞ്ഞ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും. ഇത് സാധാരണക്കാരായ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ്മയുടെ വിജയമാണ്. യുഡിഎഫ് വിജയത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍.' വാർത്താകുറിപ്പിൽ പറയുന്നു.
content highlight- Local by-elections: Opposition leader thanks UDF for victory