മുണ്ടിനീര് വില്ലനാകുന്നു; കേരളത്തിൽ ഇക്കൊല്ലം 69,113 കേസുകൾ, 30 മടങ്ങ് വർധന

2016-ൽ വാക്സിൻ നിർത്തലാക്കിയതാണ് ഇത്ര വലിയ വർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി ആരോഗ്യ വകുപ്പ്. ഇക്കൊല്ലം ഇതുവരെ 69,113 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഇത് 2324 ആയിരുന്നു. 30 മടങ്ങ് വർധനയെന്നും ആരോഗ്യ വകുപ്പ് പറയുന്നു. 2016-ൽ പ്രതിരോധ വാക്സിൻ നിർത്തലാക്കിയതാണ് ഇത്ര വലിയ വർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

അതുവരെ കുട്ടികൾക്ക് ഒന്നര വയസ്സിനകം മംപ്സ്–മീസിൽസ്–റുബെല്ല വാക്സീൻ (എംഎംആർ) നൽകിയിരുന്നു. 2016-ൽ ഇത് മീസിൽസ്–റുബെല്ല വാക്സീൻ (എംആർ) മാത്രമാക്കി. അതിനുശേഷം ജനിച്ച കുട്ടികളാണ് ഇപ്പോൾ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നത്. അലോപ്പതിക്ക് പകരം മറ്റ് ചികിത്സാ ശാഖകളെ ആശ്രയിക്കുന്നവർ കൂടുന്നതിനാൽ രോഗബാധിതർ ഇനിയും കൂടുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്സിന് പ്രതിരോധശേഷി കുറവാണെന്നുമുള്ള കാരണത്താലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്സിൻ നിർത്തലാക്കിയത്. എംഎംആർ വാക്സിൻ അഞ്ചാംപനിക്ക് (മീസിൽസ്) 93%, റുബെല്ലയ്ക്ക് 97% വീതം പ്രതിരോധം നൽകുന്നുവെങ്കിൽ മുണ്ടിനീരിന് 78% മാത്രമാണുണ്ടായിരുന്നത്. മുണ്ടിനീര് കേസുകൾ ഉയരുന്നതിനാൽ എംഎംആർ വാക്സിൻ തുടരണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു.

ഇക്കൊല്ലം മലപ്പുറം ജില്ലയിൽ 13,524 കേസുകളും കണ്ണൂർ ജില്ലയിൽ 12,800 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. പാലക്കാട് 5000പേർക്കും തിരുവനന്തപുരത്ത് 1575 പേർക്കുമാണ് രോഗബാധ. 5– 15 വയസിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മുതിർന്നവർക്കും വരാറുണ്ട്. വായുവിലൂടെയാണ് ഈ വൈറസ് പകരുന്നത്. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് കൂടുതലും പകരുക. രോഗമുള്ള കുട്ടികൾ സ്കൂളിൽ വരുന്നത് വലിയതോതിൽ വ്യാപനത്തിന് കാരണമാവും.

രോഗലക്ഷണമുള്ളവർ ആൾക്കൂട്ടത്തിൽ വരുന്നതും പകർച്ചക്കിടയാക്കും. തൃശൂർ മാള മേഖലയിലെ ചില സ്കൂളുകളിൽ എൽപി ക്ലാസുകൾ അടച്ചിടേണ്ട അവസ്ഥയാണ്. ഇടുക്കി ജില്ലയിലും ചില സ്കൂളുകൾ ആഴ്ചകളോളം അടച്ചിട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ 2 സ്കൂളുകൾ മൂന്നാഴ്ച അടച്ചിട്ടു.

ചെവിയുടെ താഴെ കവിളിന്റെ ഭാഗത്തായി വീക്കം ഉണ്ടാവുന്നതാണ് രോഗലക്ഷണം. പനിയും തലവേദനയും വായ തുറക്കാനുള്ള പ്രയാസവും അനുഭവപ്പെടും. വിശപ്പില്ലായ്മയും ക്ഷീണവും ഉണ്ടാവും. മുതിർന്ന പുരുഷന്മാരിൽ വൃഷണവീക്കവും അനുഭവപ്പെടാം.

Content Highlights: Mumps outbreak in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us