കോഴിക്കോട്: മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്ററുകള്‍. ബാഫഖി സ്റ്റഡി സര്‍ക്കിളിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് സമസ്ത മുശാവറ യോഗം ചേരാനിക്കെയാണ് നീക്കം.
'മുനവ്വറലി തങ്ങളെ വിളിക്കൂ, മുസ്ലിം ലീഗിനെ ലക്ഷിക്കൂ', 'മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക', 'ബിനാമി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫത്‌വ തേടി വരുന്ന രാഷ്ട്രീയക്കാരുടെ ചതിക്കുഴികള്‍ പണ്ഡിതന്മാര്‍ തിരിച്ചറിയുക', എന്നിങ്ങനെയാണ് പോസ്റ്ററുകള്‍.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരാമര്‍ശത്തെ തള്ളി കെഎം ഷാജി രംഗത്തെത്തിയതോടെ മുസ്ലിംലീഗില്‍ രണ്ട് പക്ഷമായി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.
കെ എം ഷാജിയെ തള്ളി പി കെ കുഞ്ഞാലിക്കുട്ടിയും പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും രംഗത്തെത്തുകയായിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കെ എം ഷാജിയുടെ അഭിപ്രായം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് ഇ ടി മുഹമ്മദ് ബഷീറും വ്യക്തമാക്കുകയായിരുന്നു.
Content Highlights: Munambam issue poster Protest Infront of kozhikkode League Office