റോഡില്‍ റീല്‍സ് വേണ്ട: കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍

dot image

തിരുവനന്തപുരം: റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിന് നിരോധനം വേണമെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

കോഴിക്കോട് പരസ്യ ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫറായ യുവാവ് കാറിടിച്ച് മരിക്കാനിടയായ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണം. കോഴിക്കോട് പൊലീസ് കമ്മീഷണര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

റീല്‍സ് ചിത്രീകരണം, മത്സര ഓട്ടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പുറമേ മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളില്‍ ജനപ്രീതിയുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇത്തരം ചിത്രീകരണങ്ങള്‍ക്കായി ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. മത്സര ഓട്ടങ്ങള്‍ക്കായുള്ള പൊതുമൈതാനിയായി പൊതുനിരത്തുകളെ മാറ്റുന്നവര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

Content Highlights- no reels in roads says human rights commission

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us