കണ്ണൂരില്‍ സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്‌ഐയിലുടെ വളര്‍ത്തുന്നു; വി ഡി സതീശന്‍

'ഞങ്ങളുടെ കുട്ടികളെ എന്തു വില കൊടുത്തും സംരക്ഷിക്കും'

dot image

കണ്ണൂര്‍: തോട്ടട ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് വി ഡി സതീശന്‍. എസ്എഫ്‌ഐക്കാര്‍ അല്ലാത്ത എല്ലാവര്‍ക്കും മര്‍ദനമേറ്റെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് അധ്യാപകരും കൂട്ടുനിന്നു. ഇരകള്‍ക്ക് നേരെയാണ് പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്. പൊലീസ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നു. സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്‌ഐയിലൂടെ വളര്‍ത്തുകയാണ്. വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കാന്‍ ഒത്താശ ചെയ്യുന്ന സിപിഐഎം നേതൃത്വം ഏത് കാലത്താണ് ജീവിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഒരു വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറല്ല. ഞങ്ങളുടെ കുട്ടികളെ എന്തു വില കൊടുത്തും സംരക്ഷിക്കും.

ക്യാമ്പസില്‍ തുടര്‍ച്ചയായി അക്രമമാണെന്ന് ഇന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി എന്നോട് പരാതി പറഞ്ഞ കുട്ടികളാണ് അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നത്. നാളെ യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് നോമിനേഷന്‍ കൊടുക്കാനുള്ള ദിവസമാണ്. അത് കൊടുക്കാതിരിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണമുണ്ടായത്. കണ്ണൂരില്‍ സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്‌ഐയിലുടെ വളര്‍ത്തുകയാണ്. അടിയന്തരമായി ഐടിഐയും പോളിടെക്‌നികും റെയ്ഡ് ചെയ്ത് പൊലീസ് ആയുധങ്ങള്‍ പിടിച്ചെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിന് അതിക്രൂര മര്‍ദനമേറ്റു. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകോപനമില്ലാതെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചുവെന്ന് കെഎസ്‌യു ആരോപിച്ചു. ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു.

Content Highlight: v d satheesan reacts to sfi ksu clash in kannur thottada iti

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us