Jan 23, 2025
11:17 AM
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാർ.
രണ്ട് വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ ഹൃദയാഘാതവും സംഭവിച്ചിരുന്നു.
രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ സുമനസ്സുകളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിൻ്റെ നില ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കി.
നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾ. റിപ്പോർട്ടറായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾ പുറംലോകത്തെത്തിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും ബാലചന്ദ്രകുമാർ പുറത്ത് വിട്ടിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടിരുന്നുവെന്ന നിർണ്ണായക വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. നടിയെ ആക്രമച്ചതിൻ്റെ ദൃശ്യങ്ങൾ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേർന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു. കോടതിയിൽ ബാലചന്ദ്രകുമാർ ദിലീപിനെതിരെ രഹസ്യമൊഴിയും നൽകിയിരുന്നു. അസുഖബാധിതനായിരിക്കെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയായിരുന്നു ബാലചന്ദ്രകുമാർ നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണയിൽ പങ്കെടുത്തത്.
ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാർ നടൻ്റെ വീട്ടിലെ അടുപ്പക്കാരനാകുന്നത്. പിന്നീട് നടിയെ ആക്രമിച്ചതിന് ശേഷം നടന്ന പലസംഭവവികാസങ്ങളുടെയും ദൃക്സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ.
Content Highlights: Actress Attack Case main witness P Balachandra Kumar passed away