പനയമ്പാടം: പാലക്കാട് പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചു. കരിമ്പനക്കല്‍ ഹാളിലാണ് പൊതുദര്‍ശനം. പ്രിയ കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കു കാണാന്‍ കരിമ്പനക്കല്‍ ഹാളിലേക്ക് നാട് ഒഴുകിയെത്തുകയാണ്.
വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഹാളില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, എംഎൽഎമാരായ കെ ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് ആദരം അർപ്പിച്ചത്. പത്ത് മണിവരെയാണ് പൊതുദര്‍ശനം. ഇതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ നാല് പേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചത്. ചെറുവള്ളിയില്‍ അടുത്തടുത്താണ് വിദ്യാര്‍ത്ഥിനികളുടെ വീട്. നാട്ടുകാരും വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളും ബന്ധുക്കളും അടക്കം നിരവധി പേരാണ് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കുകാണാന്‍ വീടുകളിലേക്ക് എത്തിയത്.
സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്ന് പരാതി ഉയര്‍ന്നിട്ടും നടപടിയില്ലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
Content Highlights- Funeral of students who died an accident in panayambadam will conduct today