ന്യൂഡല്‍ഡി: ഡോ വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കുന്നതില്‍ കോടതിക്ക് ഉദാര സമീപനമാണുള്ളതെന്നും എന്നാല്‍ ഈ കേസില്‍ അതിന് കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം വലുതാണ്. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്ന സന്ദീപിൻ്റെ അഭിഭാഷകൻ്റെ ആവശ്യം തള്ളി. കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്.
2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശിനിയായ വന്ദനാ ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത സന്ദീപ് വന്ദനയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ഡോ. വന്ദനയെ പ്രതിരോധിക്കാന്‍ സാധിക്കാത്ത വിധം പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Content Highlights- police reject bail appeal of accused sandeep on dr vandana das murder case