കിഷ്‌കിന്ധാകാണ്ഡം ഇന്ന് ചലച്ചിത്രമേളയിൽ; രണ്ടാം ദിനം പ്രദർശിപ്പിക്കുക 67 ചിത്രങ്ങൾ

കിഷ്‌കിന്ധാകാണ്ഡത്തിന്റെ പ്രദർശനം ഉച്ചതിരിഞ്ഞ് മൂന്നിന് ന്യൂ തിയറ്ററിൽ നടക്കും

dot image

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം. മോഹൻ സംവിധാനം ചെയ്ത 'രചന', ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത 'ചോഘ്', സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി ഭാസ്‌കരൻ സംവിധാനം ചെയ്ത 'മൂലധനം' എന്നിവയാണ് ഇന്നത്തെ ശ്രദ്ധേയ ചിത്രങ്ങൾ.

വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ന്യൂ തിയറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത അങ്കമ്മാൾ വൈകീട്ട് ആറിന് കൈരളി തിയറ്ററിൽ പ്രദർശിപ്പിക്കും. നോറ മാർട്ടിറോഷ്യൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ്, കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. രാവിലെ 9:30ന് നിള തിയറ്ററിലാണ് പ്രദർശനം നടക്കുന്നത്. ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസിന്റെ പ്രദർശനം വൈകിട്ട് ആറിന് അജന്ത തിയറ്ററിലും നടക്കും.

ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേർട്ട് ഓഫ് നമീബിയ രാവിലെ 11.45ന് നിള തിയറ്ററിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആൻ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പർബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. മലയാളം ടുഡേ വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിനി ശിവരഞ്ജിനി ജെയുടെ വിക്ടോറിയ ഇന്ന് സിനിമാ പ്രേമികൾക്ക് മുന്നിലെത്തും. നിലവിൽ ഐ ഐ ടി ബോംബെയിൽ ഗവേഷക വിദ്യാർത്ഥിനിയായ അങ്കമാലി സ്വദേശിനി ശിവരഞ്ജിനിയുടെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് ശിവരഞ്ജിനിയാണ്. ഇന്ന് ഉച്ചയ്ക്ക് 12.15ന് കലാഭവൻ തിയറ്ററിലാണ് 'വിക്ടോറിയ'യുടെ ആദ്യ പ്രദർശനം. ഏഴ് ദിവസങ്ങളായി നിറഞ്ഞു നിൽക്കുന്ന സിനിമാ കാഴ്ചകൾ കാണാൻ 13,000 ത്തോളം ഡെലിഗേറ്റ്സും നൂറോളം ചലച്ചിത്ര പ്രവർത്തകരുമാണ് തലസ്ഥാനനഗരിയിൽ എത്തിയിരിക്കുന്നത്.

Content Highlights: 67 films to be screened at the 2nd day of IFFK

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us