തിരുവനന്തപുരം: മെക് 7നെതിരായ ആരോപണം തള്ളി മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതിയെ കുറിച്ച് മോശം അഭിപ്രായമില്ല. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ പദ്ധതിയിൽ പങ്കെടുത്തിട്ടുണ്ട്. എല്ലാ മതസ്ഥരും പങ്കെടുക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.
'മെക് 7നെ പറ്റി മോശം അഭിപ്രായമില്ല. എന്റെ അനുഭവത്തിൽ നല്ല പദ്ധതിയാണ്. വ്യായാമം മാത്രമാണ് നടക്കുന്നത്. എല്ലാ മതസ്ഥരും പങ്കെടുക്കാറുണ്ട്. മോഹനൻ മാസ്റ്റർ തന്നോട് പറഞ്ഞത് മെക് 7നെ കുറിച്ച് എടുത്ത് പറഞ്ഞിട്ടില്ല എന്നാണ്. 2 മാസം മുമ്പാണ് പരിപാടിയിൽ പങ്കെടുത്തത്. എല്ലാ മതസ്ഥരും അന്ന് പങ്കെടുത്തിരുന്നു. മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കണം. മെക് 7ന് എതിരെയുള്ള ആരോപണം തെറ്റാണ്. മന്ത്രി മുഹമ്മദ് റിയാസ് ഉൾപെടെയുള്ളവർ പങ്കെടുത്തിട്ടുണ്ട്. എനിക്ക് മോശം അഭിപ്രായമില്ല. തുറസ്സായ സ്ഥലത്താണ് പരിപാടി നടന്നത്. കോഴിക്കോട്ടെ ഉദ്ഘാടന പരിപാടിയിൽ ആണ് ഞാൻ പങ്കെടുത്തത്. നല്ല പരിപാടി ആയി തോന്നി. മതപരമായ ക്ലാസുകൾ ഒന്നും അന്ന് നടന്നില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.
മലബാർ മേഖലയിൽ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. 21 മിനിറ്റ് നീളുന്ന വ്യായാമ കൂട്ടായ്മയാണ് മെക് 7. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സലാഹുദ്ധീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വർഷത്തിനുള്ളിൽ മലബാറിൽ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകൾ വന്നു.
ഇപ്പോൾ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ ആദ്യം രംഗത്തെത്തിയത് സമസ്ത എ പി വിഭാഗമാണ്. മെക് സെവന് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും മുസ്‌ലിമീങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫിയാണ് പറഞ്ഞത്. മെക് സെവന് പിന്നിൽ ചതിയാണ്. വിശ്വാസികൾ പെട്ടുപോകരുതെന്നാണ് പേരോട് സഖാഫി പറഞ്ഞത്. മെക് സെവന് പിന്നിൽ ജമാ അത്തെ ഇസ്‌ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണം. വ്യായായ്മ കൂട്ടായ്മയാണെങ്കിൽ എന്തിനാണ് ഇസ്‌ലാമികമായിട്ടുള്ള സലാം ചൊല്ലുന്നത്. അത് പോലെയുള്ള കാര്യങ്ങൾ എന്തിനാണ് ഉള്ളിലൂടെ കടത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.
Content Highlight: Ahamed Devarkovil says MEC 7 good project, slams P Mohanan