കണ്ണൂർ: എം കെ രാഘവനെ അനുകൂലിച്ച് പിലാത്തറയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഇന്നു പുലർച്ചയോടെയാണ് കോൺഗ്രസിൻ്റെ കൊടിമരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് കെപിസിസി നിയോഗിച്ച പ്രശ്നപരിഹാര സമിതി ഇരു വിഭാഗത്തോടും നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർദ്ദേശത്തെ ലംഘിച്ചാണ് പിലാത്തറയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കെപിസിസി സമിതിയുടെ ചര്‍ച്ചയില്‍ പരസ്യ പ്രതികരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. മാടായി കോളേജുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നപരിഹാരം നീളുമെന്നാണ് വിലയിരുത്തല്‍. വിവാദ വിഷയം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി കണ്ണൂരില്‍ യോഗം ചേര്‍ന്നത്. ഇരു വിഭാഗങ്ങളുടെയും നിലപാട് യോഗത്തില്‍ കേട്ടു. പ്രശ്‌നം അതീവ ഗുരുതരമെന്നാണ് പാര്‍ട്ടി നേതൃത്വത്തിൻ്റെ വിലയിരുത്തല്‍. അതേസമയം, കണ്ണൂരില്‍ തനിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ എഐസിസിയ്ക്കും എംകെ രാഘവന്‍ പരാതി നല്‍കിയിട്ടുണ്ട്.
മാടായി കോളേജില്‍ എം കെ രാഘവന്‍ എംപിയുടെ ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.
content highlight- Another poster in Pilathara in favor of MK Raghavan