പെരിന്തൽമണ്ണ: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്ന പി ശ്രീരാമകൃഷ്ണൻ്റെ മാതാവ് പി സീതാലക്ഷ്മി (85) അന്തരിച്ചു. 'അമ്മ ഇനി ഓർമ്മ' എന്ന പി ശ്രീരാമകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് മരണ വിവരം പുറത്തുവിട്ടത്. മുൻപ് അമ്മയുടെ പിറന്നാളിന് കുറിച്ച ഒരു കുറിപ്പും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വൈകീട്ട് നാലുമണിക്ക് പട്ടിക്കാട്ടെ തറവാട്ടുവളപ്പിൽ സംസ്ക്കാരം നടക്കും. ഭർത്താവ് പുറയത്ത് ഗോപി മാസ്റ്റർ. മറ്റു മക്കൾ : ശ്രീ പ്രകാശ്, ശ്രീകല.
പോസ്റ്റിൻ്റെ പൂർണരൂപം
അമ്മക്ക് 84 കഴിഞ്ഞു… ജീവിതം ആയിരം പൂർണ ചന്ദ്രന്മാരാൽ സമൃദ്ധിയോടെ, അനുഭവ സമ്പന്നതയോടെ,
സന്തോഷത്തോടെ ചിരിച്ചും ഉള്ളിൽ കനലെരിയുമ്പോൾ തുളുമ്പാതെയും വേദനിക്കുമ്പോൾ
ഞങ്ങളെ കൂട്ടി പിടിച്ചും ദയനീയതയോ വിപരീത ചിന്തകളോ ഒരിക്കലും ബാധിക്കാതെയും അസാധാരണമായും അസുലഭമായും കാണുന്ന കരുത്തോടെയും നടന്നു പോയ അമ്മ തന്നെയാണ് വായിച്ചതിൽ വെച്ചേറ്റവും വലിയ പുസ്തകം എന്നിപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ പറയാൻ തോന്നുന്നു. എത്രയെത്ര പ്രോത്സാഹനങ്ങൾ?
എന്തിനെല്ലാം പിന്തുണകൾ?എവിടെയെല്ലാം താങ്ങും തണലും? എന്തെല്ലാം തിരുത്തലുകൾ?…. എന്നിട്ടും അടി പതറാതെ അമ്മ….
പുരാണങ്ങൾ കടഞ്ഞെടുത്തും, കാല്പനീക ലോകങ്ങൾ സൃഷ്ടിച്ചും വിപ്ലവകാരികളെ ഉദ്ധരിച്ചും ഉത്തരങ്ങൾ കണ്ടെത്തിതരാനുള്ള ശേഷി കാണിച്ച ഒരു ജീവിതം.
കരയാത്ത, ഉത്തരങ്ങൾ എപ്പോഴും കൂട്ടിനുള്ള ജീവിതം.
ഇനിയും തളരാതിരിക്കട്ടെ.