തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ. ചോദ്യപേപ്പര്‍ ചോര്‍ത്തി വിവിധ യൂട്യൂബ് ചാനലുകള്‍ക്കും, ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കിയവര്‍ക്കെതിരെയും അത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കുമെതിരെയും നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ് ചോര്‍ത്തിയത്.
എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരുന്ന മാഫിയകള്‍ വിലസിയിരുന്ന ഒരു ഭൂതകാലം കേരളത്തിനുണ്ട്. എസ്എഫ്‌ഐ നടത്തിയ ഉഗ്രസമരങ്ങളുടെയും, ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെയും ഫലമായാണ് കേരളത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരുന്ന മാഫിയകളെ തുടച്ചുനീക്കാന്‍ കഴിഞ്ഞത്. അത്തരം മാഫിയകള്‍ പുതിയ രൂപത്തില്‍ വീണ്ടും ഉടലെടുത്തിരിക്കുകയാണെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.
ക്രിസ്തുമസ് അര്‍ധവാര്‍ഷിത പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് അപ്ലോഡ് ചെയ്തത്. എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഇവര്‍ക്ക് കിട്ടി എന്നതില്‍ ഒരു വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുമുണ്ട്.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജിപിക്കും സൈബല്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പര്‍ പുറത്തുപോകില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
Content Highlights: SFI Against question Paper Leak