കോഴിക്കോട്: വിവാദത്തിലകപ്പെട്ട മെക് 7 വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് രംഗത്തെത്തി സോളിഡാരിറ്റി. മെക് 7 പ്രത്യേകിച്ചൊരു സമുദായവുമായും സംഘടനയുമായും ഔദ്യോഗിക ബന്ധമില്ലാത്തവര്‍ പങ്കെടുക്കുന്ന കൂട്ടായ്മയാണെന്നാണ് സോളിഡാരിറ്റിയുടെ വാദം. ഇതിനെ കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതില്‍ സിപിഐഎം നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്കെടുക്കുന്നുണ്ടെന്നും സോളിഡാരിറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ സി ടി സുഹൈബ് ഫേസ്ബുക്കില്‍ കുറിച്ചു.
സുഹൈബിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
മുസ്ലിം സമുദായത്തിലുള്ളവര്‍ സംഘടിച്ചാല്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിയാല്‍ അവര്‍ സമരം ചെയ്താല്‍ അവര്‍ വിദ്യാഭ്യാസം നേടിയാല്‍ സമ്പാദിച്ചാല്‍ അവര്‍ക്ക് കൂടുതല്‍ മക്കളുണ്ടായാല്‍ സംശയത്തോടെയും ഭീതിയോടെയും മാത്രം കാണുന്നൊരു അധികാര ഘടനയും സാമൂഹികക്രമവും പൊതുബോധവും നിലനില്‍ക്കുന്നിടത്ത് Mec7 കൂട്ടായ്മകള്‍ ഹിന്ദുത്വ ഭരണകൂട ഏജന്‍സികളുടെ നിരീക്ഷണത്തിലാവുകയെന്നത് സ്വാഭാവികമാണ്.
എന്നാല്‍ പ്രത്യേകിച്ചൊരു സമുദായവുമായോ സംഘടനയുമായോ ഔദ്യോഗിക ബന്ധമില്ലാത്ത വിവിധ മത സമൂഹങ്ങളിലും സംഘടനകളിലുള്ളവരും സംഘടനയിലില്ലാത്തവരുമൊക്കെ പങ്കെടുക്കുന്ന ഈ കൂട്ടായ്മയെ കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതില്‍ സി.പി.എം നേതാക്കള്‍ക്കും ചില മീഡിയകള്‍ക്കും വലിയ റോളുണ്ട് . ഇസ്ലാമോഫോബിയ ഉല്‍പാദിപ്പിക്കുന്നതില്‍ സംഘ്പരിവാറിനേക്കാള്‍ ആവേശവും താല്‍പര്യവും ഇക്കൂട്ടര്‍ക്കാണ്.
അതോടൊപ്പം ചില മുസ്ലിം മത സംഘടനയുടെ ആളുകള്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്നതും നിഷേധിക്കാനാവില്ല .മുസ്ലിംകളെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ അന്വേഷണ ഏജന്‍സികള്‍ക്ക് ഒറ്റു കൊടുക്കുന്ന പണിയായി ഇത് മാറുമോ എന്നൊക്കെ ചിന്തിച്ച് ഇവര്‍ക്ക് അതിലൊരു മന:പ്രയാസവുമുണ്ടാകാനും സാധ്യതയില്ല. അത് അവരില്‍ ചിലര്‍ പേറുന്ന മനോഘടനയുടെ കൂടി പ്രശ്‌നമാണ്.
മുസ്ലിംകളെ കുറിച്ച ഭീതി ആവോളവുള്ള സമൂഹത്തില്‍ ആ ഭീതി വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് തങ്ങളുടെ പ്രചരണങ്ങള്‍ എന്ന് ചിന്തിക്കാനുള്ള വകതിരിവുണ്ടാകാന്‍ തല്‍കാലം പ്രാര്‍ഥിക്കാം.
മുസ്ലിംസമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും അതിന് സഹായകരമാകുന്ന രീതിയില്‍ അനാവശ്യമായ പ്രചാരണങ്ങള്‍ നടത്തുന്നവരെയും തിരിച്ചറിഞ്ഞ് ശക്തമായ പ്രതികരണങ്ങളും ഇടപെടലുകളുമുണ്ടാവേണ്ടതുണ്ട്.
ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുന്ന മെക് 7 വ്യായായ്മ കൂട്ടായ്മക്കെതിരെ ആദ്യം രംഗത്തെത്തിയത് സമസ്ത എ പി വിഭാഗമാണ്. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ് ലാമിയാണെന്നും മുസ്‌ലിമീങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫിയാണ് പറഞ്ഞത്.
മെക് സെവന് പിന്നില്‍ ചതിയാണ്. വിശ്വാസികള്‍ പെട്ടുപോകരുതെന്നാണ് പേരോട് സഖാഫി പറഞ്ഞത്. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്‌ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം. വ്യായായ്മ കൂട്ടായ്മയാണെങ്കില്‍ എന്തിനാണ് ഇസ്‌ലാമികമായിട്ടുള്ള സലാം ചൊല്ലുന്നത്. അത് പോലെയുള്ള കാര്യങ്ങള്‍ എന്തിനാണ് ഉള്ളിലൂടെ കടത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.
മെക് 7 പ്രവര്‍ത്തനം സംശയാസ്പദമാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യ രൂപമായ എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും സമാനരീതിയാണ് പ്രയോഗിച്ചതെന്ന് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ആരോപിച്ചു. 'മുസ്‌ലിം പോക്കറ്റുകളിലാണ് മെക് 7 കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്‌ലിം വിശ്വാസികള്‍ക്ക് ബാധകമാവുന്ന ചില പ്രയോഗങ്ങളൊക്കെ ഇവര്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്താണ് ഇവരുടെ സമുദായ താല്‍പര്യമെന്ന് വ്യക്തമാക്കണം. മുമ്പ് കേരളത്തില്‍ എന്‍ഡിഎഫ് വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചവരോട് വസ്തുത നിരത്തി മറുപടി പറയുന്നില്ല. മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെയും മുന്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണ്.', മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.
Content Highlights: Solidarity came out in support of Mec 7