തൃശൂര്‍: തൃശൂർ പൂര വിവാദത്തിൽ തനിക്കറിയുന്ന എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാർ. പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. ബിജെപിക്കും ആര്‍എസ്എസിനും സുരേഷ്ഗോപിക്കും അതിൽ പങ്കുണ്ട്. സുരേഷ് ഗോപി പൂര വേദിയിലേക്ക് എത്തിയത് വിശദമായി അന്വേഷിക്കണം. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടണമെന്നും സുനിൽ കുമാർ പറഞ്ഞു. അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി എസ് സുനിൽ കുമാർ.
വിവരാവകാശ പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ല എന്നാണ് പൊലീസ് പറഞ്ഞതെന്നും സുനിൽ കുമാർ പറഞ്ഞു. സുരേഷ് ഗോപിയുടെയും ആര്‍എസ്എസ് നേതാക്കളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. പൊലീസ് ഉദ്യോഗസ്ഥന്മാരുടെ അനുമതിയില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ആംബുലന്‍സില്‍ സ്വരാജ് ഗ്രൗണ്ടില്‍ എത്താന്‍ കഴിയില്ല. പൂരം എഴുന്നള്ളത്തിന് ബാരിക്കേഡ് കിട്ടിയ ഉദ്യോഗസ്ഥര്‍ തന്നെയാണ് സുരേഷ് ഗോപിക്ക് വഴി തുറന്നു കൊടുത്തതെന്നും സുനിൽകുമാർ പറഞ്ഞു.
പൊലീസാണ് പൂരം കലക്കിയതെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്‍റെ നിലപാട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പൂരപ്രേമികളെ തടയാന്‍ പൊലീസ് ബലപ്രയോഗം നടത്തിയെന്നും ദേവസ്വം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Sunil Kumar said that Sureshgopi also played a role in Thrissur Pooram's mess