കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയം പത്ത് മിനിട്ട് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറും വഖഫ് ബോര്‍ഡുമാണെന്നും രണ്ട് സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കുടപിടിയ്ക്കുന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. യുഡിഎഫിന് വിഷയത്തില്‍ ഒരു അഭിപ്രായമുണ്ട്. വ്യത്യസ്ത അഭിപ്രായമുണ്ടായപ്പോള്‍ ലീഗ് നേതാക്കള്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ താന്‍ അഭിപ്രായം പറയേണ്ടതില്ല. ഭിന്നിപ്പുണ്ടാക്കാതെ രമ്യമായി മുനമ്പം പ്രശ്‌നം പരിഹരിക്കണം. സര്‍ക്കാര്‍ മനപൂര്‍വ്വം ഈ വിഷയം നീട്ടി കൊണ്ടുപോകുകയാണ്. ഭൂമി ആരുടേതെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും പ്രശ്‌നം ഉണ്ടാക്കുന്നത് സര്‍ക്കാര്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ പാക്കേജ് തരാതെ കേന്ദ്രം പണം ചോദിക്കുന്നത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് ചര്‍ച്ചയാവുകയാണ്. ഇത്രയും കാലം നല്‍കിയ സേവനത്തിന് ചെലവായ തുകയായ 132.62 കോടി രൂപ കേരളം തിരിച്ചടക്കണമെന്നാണ് ആവശ്യം.
എത്രയും പെട്ടെന്ന് ഈ തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. ഒക്ടോബര്‍ 22നാണ് കത്ത് ലഭിച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ അഭിസംബോധന ചെയ്താണ് എയര്‍വൈസ് മാര്‍ഷല്‍ വിക്രം ഗൗര്‍ കത്ത് അയച്ചിരിക്കുന്നത്.
Content Highlight: v d satheesan reacts to center asking for money for airlifting to kerala