സുരേഷ് ഗോപിയുടെ നടനവൈഭവം പാർലമെന്‍റില്‍ കണ്ടു; കേന്ദ്രത്തിൻ്റേത് മുറിവിൽ മുളക് പുരട്ടുന്ന രീതി:കെ എൻ ബാലഗോപാൽ

കഴിഞ്ഞ ദിവസം കേരളവും തമിഴ്‌നാടും ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്‌ ഡിഎംകെ അംഗം കനിമൊഴി ലോക്‌സഭയിൽ സംസാരിച്ചത്‌ കേട്ടപ്പോൾ സുരേഷ്ഗോപി പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം

dot image

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപിക്കെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്‍റില്‍ കണ്ടതെന്നും എന്ത് രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്ന് മനസിലാകുന്നില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേരളവും തമിഴ്‌നാടും ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്‌ ഡിഎംകെ അംഗം കനിമൊഴി ലോക്‌സഭയിൽ സംസാരിച്ചതിനിടെ സുരേഷ്ഗോപിയുടെ ആംഗ്യം ചർച്ചയായിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം.

കേരളത്തിന് സഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി. നടപടി അങ്ങേയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേന്ദ്രത്തിൻ്റേത് മുറിവിൽ മുളക് പുരട്ടുന്ന സമീപനമാണ്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ല. സ്ഥലം ഏറ്റെടുക്കുന്നതിലെ താമസം മാത്രമേ ഉള്ളൂ. പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും
കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.

തമിഴ്‌നാടിനെന്ന പോലെ കേരളത്തിനും അർഹമായ സഹായം നൽകുന്നില്ലെന്ന്‌ കനിമൊഴി പറഞ്ഞപ്പോഴാണ്‌ തൃശൂർ എംപികൂടിയായ സുരേഷ്‌ ഗോപി ചിരിച്ചുകൊണ്ട് കൈമലർത്തിക്കാട്ടിയത്‌. ‘നന്നായി പഠിക്കുന്ന കുട്ടിയെ ക്ലാസിന് പുറത്ത് നിർത്തുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്. എല്ലാ മേഖലകളിലും ഉയർച്ച നേടിയെന്ന കാരണത്താലും ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനാലും നല്ല കാര്യങ്ങൾ ചെയ്യുന്നതിനാലും തമിഴ്‌നാട് തുടർച്ചയായി കേന്ദ്രത്തിൽ നിന്ന് അവഗണന നേരിടുകയാണ്. ഞങ്ങളെ പോലെ അയൽ സംസ്ഥാനമായ കേരളവും അവഗണന നേരിടുന്നുണ്ട്,’ എന്നാണ് കനിമൊഴി ലോക്സഭയിൽ പറഞ്ഞത്.

ഇതിനുപിന്നാലെ കനിമൊഴിയ്ക്ക് എതിർവശത്തിരുന്ന സുരേഷ് ഗോപി കൈമലർത്തി കാണിക്കുകയായിരുന്നു. തുടർന്ന് താങ്കൾ രണ്ട് കൈയും വിരിച്ച് കാണിച്ചില്ലേ, സമാനമായാണ് കേന്ദ്രവും തങ്ങൾക്ക് നേരെ കൈ വിരിച്ച് കാണിക്കുന്നത് എന്ന് കനിമൊഴി മറുപടിയും നൽകിയിരുന്നു.

Content Highlights: kn balagopal against suresh gopi's expression at loksabha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us