തിരുവനന്തപുരം: മുനമ്പം ഭൂമിവിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും, വിഷയം വർഗീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട് ലത്തീൻ സഭ. ലത്തീൻ കത്തോലിക്ക സഭാദിനാഘോഷത്തിലാണ് വിവിധ പുരോഹിതന്മാർ വിഷയം രമ്യമായി പരിഹരിയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
മതേതരത്വം കാത്തുസൂക്ഷിക്കുന്ന ജനതയാണ് ലത്തീൻ സഭയെന്നും മുനമ്പം ഭൂമി വിവാദത്തെ വർഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രത്യേകം ശ്രദ്ധവേണമെന്നും കെആർഎൽസിസി അധ്യക്ഷനായ ബിഷപ് ഡോ.വർഗീസ് ചക്കലയ്ക്കൽ പറഞ്ഞു. കുടുംബങ്ങൾ വഴിയാധാരമാകുന്ന കാര്യങ്ങളാണ് മുനമ്പത്ത് കേൾക്കുന്നത്. റവന്യു അവകാശങ്ങൾ നേടിക്കൊടുക്കാൻ നമ്മൾ ഒപ്പമുണ്ടാകണമെന്നും സർക്കാർ നിയോഗിച്ച കമ്മീഷന്റെ തീരുമാനങ്ങൾ വേഗത്തിൽ ഉണ്ടാകട്ടെയെന്നും ഡോ.വർഗീസ് ചക്കലയ്ക്കൽ പറഞ്ഞു. 40 മണ്ഡലങ്ങളിൽ ലത്തീൻ സഭയ്ക്ക് സ്വാധീനമുണ്ട് എന്നും നമ്മൾ ജയിച്ചില്ലെങ്കിലും തോൽപ്പിക്കാൻ കഴിയുമെന്നാണ് അർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാശുകൊടുത്ത് വാങ്ങിയ ഭൂമി അന്യാധീനമാകുന്നത് ഭരണഘടനാ വിരുദ്ധമെന്നും വിഷയം എത്രയും വേഗം പരിഹരിക്കണമെന്നുമാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ പറഞ്ഞത്. സാമൂഹികമായി എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹമാണ് ലത്തീൻ സഭ. സമുദായത്തിന്റെ ശാക്തീകരണത്തിനാണ് 50 വർഷം മുൻപ് കെഎൽസിഎ രൂപീകരിച്ചത്. എന്നാൽ വിലപേശൽ ശക്തികളെ മാത്രമാണ് അധികാരികൾ പരിഗണിക്കുന്നത്. അതിനാൽ ലത്തീൻ കത്തോലിക്കാ സഭ സംഘടിക്കേണ്ടതുണ്ടെന്നും തോമസ് ജെ നെറ്റോ പറഞ്ഞു. കോർപ്പറേറ്റുകളുടെ കടന്നുവരവ് തീരശോഷണത്തിന് കാരണമായി എന്നും ഈ വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആശാവഹമല്ല എന്നും വിഴിഞ്ഞം തുറമുഖത്തെയും മുതലപ്പൊഴിയിലെ അപകടങ്ങളെയും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Latin archdiocese against polarising munambam issue