കൊച്ചി: നവകേരള സദസില്‍ മുഖ്യമന്ത്രി നേരിട്ടെത്തി വാങ്ങിയ ബഹുഭൂരിപക്ഷം പരാതികളിലും പരിഹാരമായില്ല. ഭൂരിപക്ഷം പരാതികളും തീര്‍പ്പാക്കിയെന്നാണ് സര്‍ക്കാര്‍ കണക്കെങ്കിലും 90 ശതമാനം പരാതികളും പരിഹരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടര്‍ ടി വി നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. ഓഫീസുകളിലെത്തി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന പരാതി നേരിട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിന്റെ കൗണ്ടറുകളിലും നല്‍കിയെന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ലഭിച്ചില്ല. പരാതികളില്‍ ഭൂരിപക്ഷവും നേരത്തെ പരാതി കൊടുത്ത അതേ ഓഫീസുകളില്‍ തന്നെ തിരിച്ചെത്തി. നവകേരള സദസ്സില്‍ എത്തിയ പരാതികള്‍ തന്നെയാണ് ഇപ്പോള്‍ താലൂക്ക് തലത്തില്‍ നടക്കുന്ന 'കരുതലും കൈത്താങ്ങും' എന്ന പരിപാടിയിലും എത്തുന്നത്. ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് പല വേള ഓര്‍മിപ്പിക്കുന്ന മുഖ്യമന്ത്രിക്ക് എത്ര ഫയലുകള്‍ അനങ്ങിയെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞുവെന്നതാണ് ഉയരുന്ന ചോദ്യം.
കിളിമാനൂരില്‍ റോഡ് പണിക്കായി മണ്ണ് ഇടിച്ച് മാറ്റിയതോടെ മണ്‍തിട്ട കാരണം ഭീഷണി നേരിടുകയാണ് ഒരു കുടുംബം. മണലേത്ത് പച്ച സ്വദേശിയും വിമുക്ത ഭടനുമായ സാബുവും കുടുംബവുമാണ് വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും പേടിച്ച് കഴിയുന്നത്. പഞ്ചായത്തിലും നവകേരള സദസിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ജനുവരിയിലാണ് റോഡ് പണിക്കായി മണ്ണ് ഇടിച്ചു മാറ്റിയത്. എന്നാല്‍, റോഡ് നിര്‍മ്മാണം ഇപ്പോഴും പാതിവഴിയിലാണ്.
കോഴിക്കോട് കുന്നമംഗലം പഞ്ചായത്തിലെ പതിമംഗലം പണ്ടാരപറമ്പ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 300 ഓളം കുടുംബങ്ങളെ പ്രതിനിധീകരിച്ച് നാട്ടുകാർ നവകേരള സദസിൽ പരാതി നൽകിയിരുന്നു. പരാതി പലർക്കും കൈമാറിയതായി സന്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു. ഒടുവിൽ പരാതി തീർപ്പാക്കിയതായും സന്ദേശം വന്നു. എന്നാൽ റോഡിൻ്റെ അവസ്ഥയ്ക്ക് മാത്രം ഒരു മാറ്റവുമില്ല.
ജീവിത പ്രതിസന്ധികൾക്ക് ഇടയിൽ ഒരു ആശ്വാസം തേടിയാണ് മലപ്പുറം വേങ്ങര ഊരകം സ്വദേശിയായ അബൂബക്കർ നവകേരള സദസ്സിൽ പരാതി നൽകിയത്. പക്ഷെ ഇന്നും അബൂബക്കറിന്റെ ദുരിതങ്ങൾ തുടരുകയാണ്. ഭിന്നശേഷിക്കാരിയായ മകൾ, രോഗബാധിതയായ ഭാര്യ. പ്രതിസന്ധികളോട് പൊരുതിയാണ് അബൂബക്കറിന്റെ അതിജീവനം. കഴിഞ്ഞ പത്തു വർഷമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം ജോലിക്ക് പോകാനും സാധിക്കുന്നില്ല. ക്ഷേമപെൻഷൻ ആണ് ആകെയുള്ള ആശ്വാസം. കുടുംബത്തിന്റെ ചികിത്സാ സഹായം തേടിയാണ് അബൂബക്കർ നവകേരള സദസ്സിൽ എത്തിയത്. എന്നാൽ അബൂബക്കറിന്റെ ദുരിതങ്ങൾക്ക് മാറ്റമില്ല.
നവകേരള സദസ്സിൽ പരാതി നൽകിയിട്ടും പരിഹാരമാകാത്ത പരാതി തന്നെയാണ് ഇപ്പോൾ 'കരുതലും കൈത്താങ്ങും' എന്ന അദാലത്തിൽ എത്തുന്നതെന്നതാണ് വാസ്തവം.
തോട്ടംഭൂമിയാണെന്ന് ബിടിആറിൽ രേഖപ്പെടുത്തിയത് മൂലം പട്ടയ ഭൂമിയുടെ കരമടക്കാൻ കഴിയാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് ഇടുക്കി ഉപ്പുതറയിലെ കർഷകർ. ആറ് സർവ്വേ നമ്പരുകളിൽ ഉൾപ്പെട്ട ഭൂമി വിൽക്കുവാനോ പണയപ്പെടുത്തുവാനോ പോലും കഴിയാത്ത അവസ്ഥയാണ്. പരാതി നൽകി മടുത്ത നാട്ടുകാർ ഒടുവിൽ പ്രശ്നപരിഹാരത്തിനായി നവകേരള സദസ്സിൽ എത്തി പരാതി നൽകി. ഇവരുടെയും പരാതി സ്വീകരിച്ചു എന്നല്ലാതെ ഒരു തുടർനടപടികളും ഉണ്ടായിട്ടില്ല.
Content Highlights: Majority of complaint Received in nava kerala sadas were not resolved