കൊച്ചി: ലോകമാതാ അഹല്യാബായി ഹോൾക്കറുടെ മുന്നൂറാം ജന്മവാർഷിക ആഘോഷപരിപാടികൾക്ക് എറണാകുളത്ത് തുടക്കമായി. എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ആഘോഷ പരിപാടികൾ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു.
സ്ത്രീ ജീവിതത്തിൻ്റെ ചര്യകളെ മൂന്നു നൂറ്റാണ്ടു മുമ്പ് പുനർ നിർവചിച്ച ധീരയായ വനിതയായിരുന്നു അഹല്യാ ബായി ഹോൾക്കർ. ടിപ്പുസുൽത്താനെ ഏറെ ആഘോഷിച്ച നാടാണ് ഇത്. പക്ഷേ ഈ നാടിനു വേണ്ടി ജീവിതം സമർപ്പിച്ച അഹല്യാ ബായിയെ അറിയിക്കുവാൻ ഒരു ശ്രമവും നടന്നില്ല. “ഒരു സാധാരണ ഇടയകുടുംബത്തിലായിരുന്നു ജനനം. ഖണ്ഡേറാവു ഹോൾക്കറിൻ്റെ വധുവായി ഹോൾക്കർ കുടുംബത്തിലേയ്ക്ക്. ഭരണത്തിലെ എല്ലാ വിഭാഗങ്ങളിലും നിപുണയായി. മനുഷ്യരെ മാത്രമല്ല, എല്ലാ ജീവജാലങ്ങളേയും സംരക്ഷിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത്, ഞാൻ ഈ രാജ്യത്തിലെ എല്ലാ ജീവജാലങ്ങളുടേയും രാജ്ഞിയാണ് എന്നവർ വിളിച്ചറിയിച്ചു. 1100 ഓളം ക്ഷേത്രങ്ങൾ അവർ പുനരുദ്ധാരണം ചെയ്തു. ക്ഷേത്ര പുനരുദ്ധാരണം മാത്രമല്ല, നെയ്ത്തുകാർ തുടങ്ങി സാധാരണ ജനങ്ങളുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ് അഹല്യാബായി ജീവിച്ചത്. " സ്മൃതി ഇറാനി ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു.
മഹിളാ സമന്വയ വേദി എറണാകുളം ജില്ലാ അദ്ധ്യക്ഷ ഡോ. വന്ദന ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. "ഇൻഡോർ എന്ന നഗരത്തിൻ്റെ ഉപജ്ഞാതാവായിരുന്നു ദേവി അഹല്യാബായി ഹോൾക്കർ. ഭർത്താവിൻ്റെ മരണശേഷം സതി അനുഷ്ഠിക്കാതെ രാജ്യത്തിൻ്റെ ഭരണനേതൃത്വത്തിലേക്ക് ഉയർന്നു. ധീരവനിതകൾക്ക് മരണമില്ല". വന്ദന ബാലകൃഷ്ണൻ തന്റെ അദ്ധൃക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
കെ.വി. രാജശേഖരൻ വിവർത്തനം ചെയ്ത് കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച, 'മാതാ അഹല്യാബായി ഹോൾക്കർ - കാലത്തിന് മുമ്പേ നടന്ന മഹാറാണി' എന്ന പുസ്തകം വേദിയിൽ പ്രകാശനം ചെയ്തു. അഡ്വ.ജി മഹേശ്വരി പുസ്തകം പരിചയപ്പെടുത്തി. വിദ്യാർത്ഥികൾക്കായി നടത്തിയ ലേഖന മത്സരത്തിൽ വിജയികളായവർക്ക് സ്മൃതി ഇറാനി പുരസ്കാരങ്ങൾ നൽകി.
സമ്മേളനത്തിൽ ഡോ. അർച്ചന സ്വാഗതം പറഞ്ഞു. വെളിയനാട് ചിന്മയ മിഷൻ, ബ്രഹ്മചാരിണി ദേവകി ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. ചിത്രതാര കെ, ഡോ. ആശാലത എസ്, ആഘോഷ സമിതി കാര്യാദ്ധ്യക്ഷൻ എസ്. ജെ. ആർ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസന്ന ബാഹുലേയൻ കൃതജ്ഞത പ്രകാശിപ്പിച്ചു. ഉദ്ഘാടന സഭയ്ക്കു മുന്നോടിയായി വിവിധ കലാപരിപാടികൾ അരങ്ങേറി.
Content Highlights: Mata Ahlyabai Holkar was a great person who combined dharma and karma alike; Smriti Irani