പത്തനംതിട്ട: കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധയെന്ന് പൊലീസ്. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറുകാരൻ്റെ അശ്രദ്ധയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.
'കാറുകാരന്റെ അശ്രദ്ധയാണ് അപകടത്തിന് പിന്നില്‍. രാവിലെ നാല് മണിക്കായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും മടങ്ങുകയായിരുന്നു കാര്‍. ഹണിമൂണിന് പോയ മക്കളെ വിമാനത്താവളത്തില്‍ നിന്നും കൂട്ടി വരികയായിരുന്നു. മൂന്ന് പേരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. മരിച്ച സ്ത്രീയുടെ മൃതദേഹം മുത്തൂറ്റ് ആശുപത്രിയിലാണുള്ളത്,' പൊലീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മത്തായി ഈപ്പന്‍, നിഖില്‍ ഈപ്പന്‍, ബിജു പി ജോര്‍ജ്, അനു എന്നിവരാണ് മരിച്ചത്.
പുനലൂര്‍-മുവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു സംഭവം. എതിര്‍ദിശയില്‍ വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.
ശബരിമലയില്‍ നിന്ന് തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മലേഷ്യയിലേക്കുള്ള യാത്രക്ക് ശേഷം തിരിച്ചെത്തിയ നവദമ്പതികളായ നിഖിലിനേയും അനുവിനേയും സ്വീകരിക്കാനായി തിരുവനന്തപുരത്തെ വിമാനത്താവളത്തിലെത്തി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പൂര്‍ണമായും തകര്‍ന്ന കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Content Highlight: Pathanamthitta accident: Police says carelessness of car driver is the cause of accident