പത്തനംതിട്ട: എട്ട് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് നിഖിൽ മത്തായിയും അനുവും വിവാഹിതരായത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഇരുവരുടെയും ജീവൻ പൊലിഞ്ഞപ്പോൾ കെട്ടുപോയത് കുറേയേറെ പ്രതീക്ഷകൾ കൂടിയാണ്. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖിൽ മത്തായിയും അനുവും ഒരേ ഇടവകക്കാരും ഇരുവരുടേയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി പരിചയമുള്ളവരുമാണ്. ഇക്കഴിഞ്ഞ നവംബർ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയിൽവെച്ചായിരുന്നു ഇരുവരുടേയും വിവാഹം.
വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രമായപ്പോഴാണ് അപകടത്തിന്റെ രൂപത്തിൽ ദുരന്തം എത്തിയത്. മലേഷ്യയിൽ മധുവിധു ആഘോഷിച്ചശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികളെ മരണം കവർന്നത്. വീട് എത്തുന്നതിന് ഏഴ് കിലോമീറ്റർ മുൻപ് അപകടം സംഭവിച്ചു.
ഇരുവരേയും സ്വീകരിക്കാനായി പോയ രണ്ടുപേരുടെയും അച്ഛന്മാരും അപകടത്തിൽ മരിച്ചു. മലേഷ്യയിൽനിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാൻ ഒരുമിച്ച് പോകാമെന്ന് നിഖിലിന്റെ അച്ഛൻ മത്തായി ഈപ്പനും അനുവിന്റെ അച്ഛൻ ബിജു പി ജോർജ്ജും തീരുമാനിക്കുകയായിരുന്നു.
അമിതവേഗത്തിൽ എത്തിയ കാർ തെലങ്കാനയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകല്ലിനോട് ചേർന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കാർ ഓടിച്ചിരുന്ന ബിജു ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പിൻ സീറ്റിലായിരുന്നു നിഖിലും അനുവും. മൂന്നു പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.
നാല് പേരുടെ മരണത്തിന് ഇടയാക്കിയ കോന്നിയിലെ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രതികരിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിൻറെയും വിലയിരുത്തൽ. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങൾ ഉണ്ടാവുന്നതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. അടുത്തിടെയായി അപകടങ്ങൾ വർധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: pathanamthitta konni accident updates