ഇടുക്കി: ഇടുക്കി പീരുമേട്ടിൽ മുന്നറിയിപ്പില്ലാതെ തോട്ടം അടച്ചു പൂട്ടിയതോടെ ദുരിതത്തിലായി തൊഴിലാളികള്‍. പീരുമേട് ഹെലിബറിയ ടി കമ്പനിയാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. പി എഫ് തുകയായി തൊഴിലാളികളില്‍ നിന്നും കമ്പനി കോടികളാണ് പിരിച്ചെടുത്തത്. പിരിഞ്ഞ് പോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി തുകയായി ആയിരവും, രണ്ടായിരവും രൂപയാണ് നല്‍കിയത്. തൊഴിലാളികളുടെ പി എഫ് അടക്കാന്‍ എന്ന പേരില്‍ തോട്ടം മുറിച്ച് വിറ്റുവെന്നും ആരോപണമുണ്ട്.
800ഓളം തൊഴിലാളികളാണ് ഇതോടെ ചോര്‍ന്നൊലിക്കുന്ന ലയങ്ങളില്‍ ദുരിതമനുഭവിക്കുന്നത്. ഉണ്ടായിരുന്ന വരുമാനം നിലച്ചതോടെ പട്ടിണിയുടെ കയത്തിലാണ് തോട്ടം തൊഴിലാളികള്‍. ഡിസംബര്‍ 12 മുതലാണ് മുന്നറിയിപ്പില്ലതെ തോട്ടം പൂട്ടിയത്.
'കണ്‍വീനര്‍മാരോടാണ് കാര്യങ്ങള്‍ സംസാരിക്കുന്നത്. എസ്റ്റേറ്റ് ലയത്തിന്റെ കാര്യവും കഷ്ടമാണ്. മഴ തുടങ്ങിയാല്‍ ചോര്‍ന്നിട്ട് അകത്തിരിക്കാന്‍ കഴിയില്ല. ബാത്ത്‌റൂം ശരിയാക്കി തരത്തില്ല. ശമ്പളം ചോദിക്കാന്‍ പോയാല്‍ ഭീഷണിയാണ്. ഞങ്ങളെ ഒഴിവാക്കി അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് പകരം ജോലികൊടുക്കുമെന്നാണ് ഭീഷണി. 26 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. 66 വര്‍ഷമായി പിഎഫ് അടച്ചിട്ട്. അത് ചോദിക്കാന്‍ പോയപ്പോള്‍ കണ്‍വീനറെ സസ്‌പെന്‍ഡ് ചെയ്തു. ഞങ്ങള്‍ ചോദിക്കാന്‍ പോയപ്പോള്‍ ഞങ്ങളുടെ ജോലിയും പോയി', തൊഴിലാളിയായ സ്ത്രീ ദുരനുഭവം റിപ്പോര്‍ട്ടറിനോട് പങ്കുവെച്ചത് ഇങ്ങനെ.
ഹെലിബറിയ ടി കമ്പനി മാനേജ്‌മെന്റ് തൊഴിലാളികളോട് മോശമായ സമീപനമാണ് സ്വീകരിച്ചതെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍സോമന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മുന്നറിയിപ്പില്ലാതെ തോട്ടം അടച്ചുപൂട്ടിയത് തെറ്റായ നടപടിയാണ്. നിഷേധാത്മക സമീപനമാണെന്നും എംഎല്‍എ പ്രതികരിച്ചു.
Content Highlights: plantation was closed without notice in idukki peerumed