കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കളികൾക്ക് തടയിടണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കോളേജുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാര മാർഗമല്ല. പകരം ക്യാമ്പസുകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് വേണ്ടത് എന്ന് കോടതി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സംഘടനകളുടെ സമരങ്ങൾ അക്കാദമിക പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനെതിരെ കർശന നടപടി ആവശ്യമാണ്. കോളേജിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ ഇടപെടാൻ പൊലീസ് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാനും സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
Content Highlights: High Court says no need to ban student politics