കോഴിക്കോട്: മെക് സെവനെ സംബന്ധിച്ചുള്ള വിവാദങ്ങൾ തങ്ങൾക്ക് ഗുണം ചെയ്‌തെന്നും ഇപ്പോൾ നിരവധി ആളുകള്‍ പരിശീലനത്തിന് എത്തുന്നുണ്ടെന്നും മെക് സെവൻ അംഗങ്ങൾ റിപ്പോർട്ടറിനോട്. കോഴിക്കോട്ടെ മെക് സെവൻ അംങ്ങളാണ് വിവാദങ്ങളിൽ പ്രതികരിച്ചത്.
'ഈ സംഘടനയിൽ എല്ലാ രാഷ്ട്രീയപാർട്ടികളിലെ അംഗങ്ങളുണ്ട്. സിപിഐഎം, കേരള കോൺഗ്രസ്, ഐഎൻടിയുസി തുടങ്ങി നിരവധി സംഘടനകളിലെ അംഗങ്ങൾ മെക് സെവനില്‍ സജീവമാണ്. ഇപ്പോൾ ഒരുപാട് അന്വേഷണങ്ങൾ വരുന്നുണ്ട്. മാത്രമല്ല, ആളുകൾ വർധിക്കുകയുമാണ്. ഇവിടെയുള്ള ആളുകൾ ഇപ്പോൾ ആശുപത്രിയിൽ പോകാറേയില്ല', ഇനി രജിസ്ട്രേഷൻ ഉണ്ടാകുമെന്നും അക്കാര്യങ്ങൾ ഉടൻ തീരുമാനിക്കുമെന്നും സംഘത്തിലെ അംഗങ്ങൾ പറഞ്ഞു.
അതേസമയം, മെക് സെവനെതിരായ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മെക് സെവനെതിരെ സിപിഐഎം വിമർശനം ഉന്നയിച്ചിട്ടില്ലെന്നും വസ്തുതകൾ വഴി തിരിച്ചു വിടരുതെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
വ്യായാമമുറ ശീലിക്കുന്നത് രോഗമുക്തിക്ക് നല്ലതാണെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും പി മോഹനൻ പറഞ്ഞു. പൊതു വേദികളിൽ ജമാഅത്തെ ഇസ്ലാമി, സംഘപരിവാർ, പോപ്പുലർ ഫ്രണ്ട് എന്നിവർ നുഴഞ്ഞു കയറുന്നു. ഗൂഢ അജണ്ടയ്ക്ക് അത്തരം വേദികൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
മലബാറിൽ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നായിരുന്നു പി മോഹനൻ നടത്തിയ പ്രസ്താവന. മെക് സെവനുമായി ബന്ധപ്പെട്ട പ്രസ്ഥാവനകള്‍ തിരിച്ചടി ആകുമോയെന്ന ആശയക്കുഴപ്പം സിപിഐഎമ്മിന് അകത്തുള്ളതിനാൽ പ്രതികരിക്കാൻ പാർട്ടി തയാറായിരുന്നില്ല.സിപിഐഎം ജില്ലാ സെക്രട്ടറിയെ തള്ളി മുൻ മന്ത്രി അഹമ്മദ് ദേവർകോവിലും രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗും സമാന നിലപാടാണ് മുന്നോട്ട് വെച്ചത്.
Content Highlights: Mec 7 members on controversies