കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ ആരോപണമുയര്‍ന്ന എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് വിശദീകരിച്ചു. യൂട്യൂബ് ചാനലിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. നിയമ നടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കി. സംശയങ്ങളാണ് വാർത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷൻസിന്‍റെ എംഎസ് സുഹൈബ് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു പോലീസിൽ പരാതി നൽകിയിരുന്നു. നടപടി വൈകിയാൽ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. എംഎസ് സൊല്യൂഷൻസിനെതിരെ 2021ൽ കോഴിക്കോട് ഡിഡിഇ നൽകിയ പരാതിയും പുറത്തുവന്നതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.
സംസ്ഥാന ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിരുന്നു. പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
'നൊട്ടോറിയസ് പ്രശസ്തിയാണ് പ്രതികള്‍ക്ക് ഇതിലൂടെ ലഭിക്കുക. വിഷയം അതീവ ഗൗരവമായി കാണും. ചില വിഷയങ്ങളിലെ പേപ്പറുകളാണ് കൂടുതല്‍ പുറത്തുപോകുന്നത്. ആ വിഷയങ്ങളിലെ അധ്യാപകരുടെ താല്‍പര്യം എന്തെന്ന് പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മെച്ചപ്പെട്ട ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കേണ്ടവര്‍ ഈ നിലയില്‍ സ്വകാര്യ കച്ചവട കമ്പനികളുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ വെച്ചുപൊറുപ്പിക്കില്ല', വി ശിവന്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജിപിക്കും സൈബല്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പരീക്ഷ നടത്തിപ്പില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പര്‍ പുറത്തുപോകില്ലെന്നും മന്ത്രി പറഞ്ഞു.
ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് അപ്ലോഡ് ചെയ്തത്. എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഇവര്‍ക്ക് കിട്ടി എന്നതില്‍ ഒരു വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുമുണ്ട്.