മലപ്പുറം: അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമാൻഡോ ഹവിൽദാർ വിനീതിൻറെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. മൃതദേഹം നിലവിൽ അരീക്കോട് മദർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തില്‍ ഇന്ന് അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
വയനാട് കൽപ്പറ്റ ചെങ്ങഴിമ്മൽ വീട്ടിൽ ഹവിൽദാർ വിനീതിനെ കഴിഞ്ഞ ദിവസം രാത്രി 8:50നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തതാണെന്നാണ് നിഗമനം. ക്യാമ്പിലെ ജോലി സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
നേരത്തെ, ഒരു കമാൻഡോ ജോലി സമ്മർദ്ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു. മറ്റൊരു വനിത കമാൻഡോ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
Content Highlights: postmortem of sog commando will be today