കോഴിക്കോട്: മെക് 7 വിമര്‍ശനം പിന്‍വലിച്ച് സമസ്ത എപി വിഭാഗം. ഏതെങ്കിലും ഒരു ക്ലബിനെ ഉദേശിച്ചല്ല സംസാരിച്ചതെന്നാണ് എ പി നേതാവും എസ് വൈഎസ് ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രതികരണം. സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയാണ് എതിര്‍ത്തതെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
സമസ്ത എപി വിഭാഗമാണ് മെക് 7 സംബന്ധിച്ച വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മെക് സെവന് പിന്നില്‍ ജമാ അത്തെ ഇസ്‌ലാമിയാണെന്നും മുസ്ലിമീങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനയെന്നും സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫിയാണ് പറഞ്ഞത്. പിന്നില്‍ ചതിയാണ്. വിശ്വാസികള്‍ പെട്ടുപോകരുതെന്നാണ് പേരോട് സഖാഫി പറഞ്ഞത്. പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം. വ്യായായ്മ കൂട്ടായ്മയാണെങ്കില്‍ എന്തിനാണ് ഇസ്ലാമികമായിട്ടുള്ള സലാം ചൊല്ലുന്നത്. അത് പോലെയുള്ള കാര്യങ്ങള്‍ എന്തിനാണ് ഉള്ളിലൂടെ കടത്തികൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു.
മെക് 7 പ്രവര്‍ത്തനം സംശയാസ്പദമാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യ രൂപമായ എന്‍ഡിഎഫ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴും സമാനരീതിയാണ് പ്രയോഗിച്ചതെന്ന് എസ്‌വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ആരോപിച്ചിരുന്നു.
'മുസ്ലിം പോക്കറ്റുകളിലാണ് മെക് 7 കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം വിശ്വാസികള്‍ക്ക് ബാധകമാവുന്ന ചില പ്രയോഗങ്ങളൊക്കെ ഇവര്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. എന്താണ് ഇവരുടെ സമുദായ താല്‍പര്യമെന്ന് വ്യക്തമാക്കണം. മുമ്പ് കേരളത്തില്‍ എന്‍ഡിഎഫ് വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചവരോട് വസ്തുത നിരത്തി മറുപടി പറയുന്നില്ല. മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുന്‍ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണ്.', മുഹമ്മദലി കിനാലൂര്‍ പറഞ്ഞു.
അതേസമയം വിവാദങ്ങള്‍ ഗുണം ചെയ്തുവെന്നാണ് മെക് 7 അംഗങ്ങളുടെ പ്രതികരണം. ഇപ്പോള്‍ നിരവധി ആളുകളാണ് പരിശീലനത്തിനെത്തുന്നതെന്ന് കോഴിക്കോട്ടെ മെക് 7 അംഗങ്ങള്‍ പ്രതികരിച്ചു. സിപിഐഎം, കേരള കോണ്‍ഗ്രസ്, ഐഎന്‍ടിയുസി തുടങ്ങി നിരവധി സംഘടനകളിലെ അംഗങ്ങള്‍ മെക് സെവനില്‍ സജീവമാണ്. ഇപ്പോള്‍ ഒരുപാട് അന്വേഷിച്ച് എത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലബാര്‍ മേഖലയില്‍ വലിയ പ്രചാരം നേടിയ വ്യായാമ കൂട്ടായ്മയാണ് മെക് 7. മലപ്പുറം ജില്ലയിലെ തുറക്കലിലെ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റന്‍ സലാഹുദ്ധീനാണ് ഈ വ്യായാമ രീതി പരിചയപ്പെടുത്തിയത്. 2022 ലാണ് ഈ കൂട്ടായ്മ തുടങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലബാറില്‍ മെക് സെവന്റെ ആയിരത്തോളം യൂണിറ്റുകള്‍ വന്നു.
Content Highlight: Samastha AP retreats from criticism against Mec 7