പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഫ്ളൈ ഓവറിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു. തമിഴ്നാട് സ്വദേശി കുമാർ(40) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സന്നിധാനത്തെ ഫ്ളൈഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക് ഇയാൾ ചാടിയത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ ഇന്നലെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കൈയ്ക്കും കാലിനും പൊട്ടൽ ഏറ്റതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചിരുന്നു. സന്നിധാനം ആശുപത്രിയിൽ നിന്നും പമ്പ ഗവ. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. സിടിസ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമായതിനാലാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
തീർത്ഥാടകൻ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് സംശയമുണ്ടായിരുന്നു. വീണതിന് ശേഷം ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത്. തിരിച്ചറിയൽ രേഖ വെച്ചാണ് തീർത്ഥാടകന്റെ വിവരങ്ങൾ സ്ഥിരീകരിച്ചത്. കുമാർ രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു.
Content Highlights: Ayyappa Devotee Dies After Jumping From Flyover At Sabarimala Sannidhanam