കൊച്ചി: അരീക്കോട് എസ്ഒജി ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ തുടര്‍ക്കഥയെന്ന് റിപ്പോര്‍ട്ട്. മുന്‍ എസ്ഒജി കമാന്‍ഡോ പി കെ മുബഷീറിന്റെ കത്താണ് നിലവില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മുബഷീറിന്റെ കത്തും പ്രചരിക്കുന്നത്. ഏഴ് വര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്ന മുബഷീര്‍ രണ്ട് വര്‍ഷം മുമ്പാണ് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് എസ്ഒജി ക്യാമ്പില്‍ നിന്ന് പുറത്തുവന്നത്. റിപ്പോർട്ടറിൻ്റെ കോഫി വിത്ത് അരുൺ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ക്യാമ്പിൽ നേരിട്ട പീഡനങ്ങൾ വെളിപ്പെടുത്തിയത്.
'ഏഴ് വര്‍ഷത്തെ പൊലീസ് കരിയറും നാല് വര്‍ഷത്തോളം എസ്ഒജി ക്യാമ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പിയിലാണ് സര്‍വീസ് നടത്തുന്നത്. നാലാം വര്‍ഷം ടെസ്റ്റ് പാസായി. ടെസ്റ്റ് പാസായിട്ടും എന്നെ മാത്രം മദര്‍ ബറ്റാലിയനിലേക്ക് മടക്കി. ആ സമയത്താണ് ക്യാമ്പ് വിട്ട് പോരുന്നത്. 2022 ഏപ്രില്‍ എട്ടിനാണ് ക്യാമ്പ് വിടുന്നത്. വ്യക്തിവൈരാഗ്യം തീര്‍ത്തതിനാല്‍ ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചത്. എസ്പി അജിത്തിന്റെ പീഡനമാണ് ഇതിന് കാരണമായത്. ചില കാര്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇത് വൈരാഗ്യത്തിലേക്ക് നയിച്ചു. വിദേശത്ത് നിന്ന് വന്ന ഭാര്യയെ കാണാന്‍ പോലും അദ്ദേഹം എനിക്ക് അവധി അനുവദിച്ചില്ല. എനിക്ക് മാത്രം അവധി ദിവസത്തില്‍ പോലും അദ്ദേഹം പരീക്ഷ വെച്ചിട്ടുണ്ട്.
എനിക്ക് മുമ്പ് മറ്റൊരു വനിത ഉദ്യോഗസ്ഥയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥയെ ലൈംഗികചുവയോടെ അധിക്ഷേപിച്ചപ്പോള്‍ അവര്‍ പരാതി നല്‍കി. പിന്നാലെ അനാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ പുറത്താക്കുകയായിരുന്നു. പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി താൻ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് സംബന്ധിച്ച് എന്നോട് ഒന്നും സംസാരിക്കാതെയാണ് എന്നെ പുറത്താക്കിയത്,' പികെ മുബഷീര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഹവില്‍ദാര്‍ ആയിരുന്ന വിനീത് ആത്മഹത്യ ചെയ്തിരുന്നു. ശാരീരിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതാണ് വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി വിനീത് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്.
Content Highlight: Ex officer reveals mental torture he faced in SOG camp Areekode