കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധം അവസാനിച്ചത് ഇന്നലെ അർധരാത്രിയോടെ. കളക്ടർ കൈകൂപ്പി അപേക്ഷിച്ചതോടെയും സുരക്ഷ ഒരുക്കുന്ന കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചതോടെയുമാണ് നാട്ടുകാർ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാൻ അനുവദിച്ചത്.
ഉടനടി തീരുമാനമാണ് അപകടത്തിൽ അധികൃതർ കൈക്കൊണ്ടത്. നാട്ടുകാരുടെ വികാരങ്ങൾ മനസിലാക്കുന്നുവെന്നും അടിയന്തിര ധനസഹായം തയ്യാറായെന്നും അത് ഉടൻ കൈമാറുമെന്നും കളക്ടർ മാധ്യമങ്ങൾക്ക് മുൻപാകെ അറിയിച്ചത് അർധരാത്രി രണ്ട് മണിയോടെയായിരുന്നു. അതുവരെയ്ക്കും നാട്ടുകാർ മൃതദേഹം എടുക്കാൻ വിസമ്മതിച്ചുകൊണ്ട്, കടുത്ത പ്രതിഷേധവുമായി നിലകൊള്ളുകയായിരുന്നു. കൂടാതെ ട്രെഞ്ചിങ്, സോളാർ ഫെൻസിങ് എന്നിവ ഇന്ന് തന്നെ തുടങ്ങുമെന്നും കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകി. 21ന് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിന്റെ നടപടി തുടങ്ങുമെന്നും അപകടം നടന്ന പ്രദേശത്ത് ഉടൻ ലൈറ്റുകൾ സ്ഥാപിക്കുമെന്നും കളക്ടർ ഉറപ്പ് നൽകി.
കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധ മാർച്ചും നടത്തും. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി കോടിയാട്ട് എല്‍ദോസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു.
Content Highlights: Harthal Today at Kuttampuzha and Kothamangalam