തിരുവനന്തപുരം: അഭിഭാഷകരെ തെരുവ് നായ്ക്കളോട് ഉപമിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ എം പി ഡോ. സെബാസ്റ്റ്യന്‍ പോളിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി. 2016 ലെ അഭിഭാഷക മാധ്യമ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച സ്വകാര്യ അന്യായത്തിലെ നടപടികളാണ് റദ്ദാക്കിയത്. അഭിഭാഷക സമൂഹത്തെ മുഴുവന്‍ ഉദ്ദേശിച്ചല്ല സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശമെന്ന് നിരീക്ഷിച്ചാണ് നടപടി. അക്രമത്തില്‍ പങ്കെടുത്തവരെ ഉദ്ദേശിച്ചായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഡോ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജി ഗിരീഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. 2016ല്‍ അഭിഭാഷക - മാധ്യമ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു കേസിനാധാരമായ പരാമര്‍ശം. സെബാസ്റ്റ്യന്‍ പോള്‍ വിവാദ പരാമര്‍ശത്തിലൂടെ അഭിഭാഷക സമൂഹത്തെയാണ് അപമാനിച്ചതെന്നും അപകീര്‍ത്തിക്കേസ് നിലനില്‍ക്കുമെന്നുമായിരുന്നു പരാതിക്കാരുടെ വാദം.
സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശം മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ അഭിഭാഷകന്‍ പിആര്‍ അശോകന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. സമാന പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലെ തുടര്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി.
Content Highlight: High court dismissed case against Sebastian Paul