തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
അധ്യാപക തസ്തികകള്‍ ഉണ്ടായാല്‍ നിയമിക്കാന്‍ പിഎസ്‌സി ലിസ്റ്റുകള്‍ തന്നെ നിലവില്‍ ഉണ്ട്. സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാന്‍ പിടിഎ അധികൃതരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ്. ആ പിന്തുണ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ വന്നതിനെ കുറിച്ചുള്ള ശക്തമായ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കര്‍ശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിയ്ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുകയും ഡിജിപിയെ നേരില്‍ കാണുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
Content Highlight: Minister V Sivankutty says teachers employed at Public education should not work for private tuition centres