മല്ലപ്പള്ളി: 7,500 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിൻറെ നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് പിക്കപ്പ് ഉടമയായ പദ്മകുമാർ. സ്വന്തമായി ബസ് ഇല്ലാത്ത പാടിമൺ പടപ്പനം പൊയ്കയിൽ പി ജി പദ്മകുമാറിന് ട്രിപ്പ് മുടക്കിയതിന്റെ പിഴ അടയ്ക്കാനുള്ള നോട്ടീസാണ് കിട്ടിയത്.
മല്ലപ്പള്ളി ജോയിന്റ് ആർടി ഓഫീസ് ആണ് ഇ-ചലാൻ അയച്ചത്. ടൈം ഷെഡ്യൂൾ പ്രകാരം 12.10-ന് മല്ലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് 12.30-ന് കറുകച്ചാലിൽ എത്തേണ്ടിയിരുന്ന കെ എൽ -38 ഡി 8735 രജിസ്‌ട്രേഷനിലുള്ള 'തൈപ്പറമ്പിൽ' ബസ് മതിയായ കാരണം കൂടാതെ സർവീസ് മുടക്കിയെന്നതും ആനിക്കാട് റോഡരികിൽ യന്ത്രത്തകരാറുകൾ ഇല്ലാതെ നിർത്തിയിട്ടിരിക്കുന്നതായി കാണപ്പെട്ടു എന്നതുമാണ് പിഴ ചുമത്താൻ ആസ്പദമായ കുറ്റകൃത്യം.
നവംബർ 26-ന് രാവിലെ 10.22-ന് ബസ് നിർത്തിയിട്ടതായാണ് മല്ലപ്പള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ സ്വന്തമായി പിക്കപ്പ് വാഹനം മാത്രമുള്ള പദ്മകുമാർ ആശങ്കയയിലുമായി. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കിയാണ് നോട്ടീസ് അയയ്ക്കുകയെന്നത്. ഏതെങ്കിലും അക്കമോ അക്ഷരമോ തെറ്റിയാൽ ഉടമയുടെ വിലാസം മാറിയേക്കാമെന്ന് ജോയിന്റ് ആർടിഒ വ്യക്തമാക്കി.
Content Highlights: Pick Up owner fined for Bus Service Cancellation in Mallappally