മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ നടത്താനിരുന്ന റിഫ്രഷർ കോഴ്സ് നിർത്തിവെച്ചു. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. കമാൻഡോ വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് റിഫ്രഷർ കോഴ്‌സ് പരാജയപ്പെട്ടതിലുണ്ടായ മനോവിഷമം ആയിരുന്നു. ഡിസംബർ 16 മുതലായിരുന്നു രണ്ടാമത്തെ കോഴ്സ് ആരംഭിക്കാനിരുന്നത്. 30 ദിവസമാണ് ഈ കോഴ്സ്. വിനീത് ഉൾപ്പടെയുളള ചിലർ നിർബന്ധമായും ഈ കോഴ്സിൽ പങ്കെടുക്കണം എന്നായിരുന്നു നിർദേശം. ഈ കോഴ്സ് മൂലം ഡിസംബറിൽ ആവശ്യപ്പെട്ട അവധി വിനീതിന് ലഭിച്ചിരുന്നില്ല. വിനീതിന്റെ അത്മഹത്യയിലേക്ക് നയിച്ചത് ഇക്കാര്യങ്ങളാണെന്ന് മലപ്പുറം എസ്പിയും സ്ഥിരീകരിച്ചിരുന്നു. തെളിവുകൾ ഉൾപ്പടെ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് സായുധ പൊലീസ് ക്യാമ്പിൽ എസ് ഒ ജി കമാൻഡോ വീനിത് ആത്മഹത്യ ചെയ്തത്. എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. ശാരീരിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതാണ് വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി വിനീത് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്.
Content Highlights: REPORTER BREAKING: The December refresher course at Areekode Armed Police Camp has been suspended