കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി ഡോക്ടറെ കബളിപ്പിപ്പ് സംഘം പണം തട്ടിയത് മുംബൈ പൊലീസ് എന്ന പേരില്‍. സുപ്രീംകോടതിയുടെയും ആര്‍ബിഐയുടെയും രേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു.
ചങ്ങനാശ്ശേരി എസ്ബിഐ ബ്രാഞ്ച് വഴി പട്‌നയിലേക്കുള്ള അക്കൗണ്ടിലേക്കാണ് ഡോക്ടര്‍ പണം നല്‍കിയത്. ഇടപാട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ബ്രാഞ്ച് മാനേജര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ബാങ്ക് പൊലീസിന് വിവരം അറിയിച്ചു. ഡോക്ടര്‍ പൊലീസുമായി ആദ്യം സഹകരിക്കാന്‍ തയ്യാറായില്ല. പിന്നീട് നിര്‍ബന്ധപൂര്‍വ്വം പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി തട്ടിപ്പ് തടയുകയായിരുന്നു', എസ് പി വിശദീകരിച്ചു.
ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടര്‍ ആയിരുന്നു തട്ടിപ്പിന് ഇരയായത്. ചൊവ്വാഴ്ച്ചയാണ് സംഭവം. പെരുന്ന എസ്ബിഐ ബ്രാഞ്ചിലേക്ക് എത്തിയ ഡോക്ടര്‍ അഞ്ച് ലക്ഷം രൂപയാണ് പട്‌നയിലെ അക്കൗണ്ടിലേക്ക് കൈമാറിയത്. തുക ഉത്തരേന്ത്യന്‍ അക്കൗണ്ടിലേക്കാണ് കൈമാറിയതെന്ന് ബാങ്കിന്റെ ഇന്റേണല്‍ സെക്യൂരിറ്റി സിസ്റ്റം മുന്നറിയിപ്പ് നല്‍കിയതോടെ അധികൃതര്‍ പൊലീസിനെ അറിയിച്ചു.
ആദ്യം ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പണം കൈമാറിയത് സംബന്ധിച്ച് തിരക്കിയപ്പോള്‍ സുഹൃത്തിന് അയച്ചത് എന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ പരിശോധിച്ചതില്‍ നിന്നാണ് ഡോക്ടര്‍ക്ക് വീഡിയോ കോള്‍ വന്നതും മുംബൈ പൊലീസ് എന്നു പറഞ്ഞ സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ടതായും കണ്ടെത്തിയത്.
Content highlights:doctor from Changanassery was cheated by a fraud group in the name of Mumbai police