ന്യൂഡൽഹി: മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്ന എൻസിപി എംഎല്‍എ തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി. ഇന്ന് ശരദ് പവാറുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് തോമസ് കെ തോമസ് ഇന്നലെ അറിയിച്ചിരുന്നത്. നാട്ടിലെത്തിയ ശേഷം മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് മന്ത്രിമാറ്റത്തിലെ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലെ ശരദ് പവാറിൻ്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച നടന്നത്. എല്ലാ കാര്യങ്ങളും ശരദ് പവാറിനെ ബോധിപ്പിച്ചു എന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നും തോമസ് കെ തോമസ് പറഞ്ഞു.
മന്ത്രിയാകാന്‍ താന്‍ ഓടി നടക്കുന്നു എന്നാണ് മാധ്യമങ്ങള്‍ ഹൈലൈറ്റ് ചെയ്യുന്നതെന്നും എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. മന്ത്രിമാറ്റം പാര്‍ട്ടി തീരുമാനമാണ്. ഇക്കാര്യം ശരദ് പവാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എ കെ ശശീന്ദ്രനെ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്ന കാര്യം തനിക്കറിയില്ല. തൻ്റെ ചര്‍ച്ചയില്‍ പി സി ചാക്കോ പോലും ഉണ്ടായിരുന്നില്ല. പവാറിനെ കാണാന്‍ ആരാണ് വരാത്തതെന്നും നാളെ ഒരിക്കല്‍ കൂടി അദ്ദേഹത്തെ താന്‍ കാണുമെന്നുമായിരുന്നു തോമസ് കെ തോമസ് ഇന്നലെ പറഞ്ഞിരുന്നത്.
തോമസ് കെ തോമസിനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ശരദ് പവാര്‍, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ കഴിയും വരെ കാത്തിരിക്കാനായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിഷയത്തില്‍ തീരുമാനം ഉണ്ടാകാത്തതില്‍ തോമസ് കെ തോമസിന് കടുത്ത അതൃപ്തിയുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം വേണമെന്നായിരുന്നു തോമസ് കെ തോമസ് നേരത്തെ പ്രതികരിച്ചത്. നിരാശയല്ല മറിച്ച് പ്രത്യാശയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ ശരദ് പവാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാട്. മന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടര വര്‍ഷത്തിനു ശേഷം ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുമെന്ന് ധാരണയുണ്ടായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് തോമസ് കെ തോമസ് അവകാശവാദം ഉന്നയിക്കുന്നത്.
content highlight- Ministerial dispute in NCP: Thomas K. Thomas returned home from Delhi