മെക് 7നെ വിടാതെ എ പി സമസ്ത വിഭാഗം; 'വിമര്‍ശനത്തെ പ്രതിരോധിക്കുന്നത് ജമാ അത്തെ ഇസ്‌ലാമി'

ഇതോടെ മെക് 7നെ മറയാക്കി മുസ്‌ലിം സ്ത്രീകളെ തെരുവിലിറക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് വ്യക്തമായെന്നും ലേഖനത്തില്‍ പറയുന്നു.

dot image

കോഴിക്കോട്: വ്യായായ്മ കൂട്ടായ്മയായ മെക് 7നെതിരെയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി എ പി വിഭാഗം സമസ്ത. സമസ്ത മുഖപുത്രമായ സിറാജ് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുല്ലാഹ് സഖാഫിയുടെ ലേഖനത്തില്‍ കടുത്ത വിമര്‍ശനമാണ് മെക് 7നെതിരെ നടത്തിയിരിക്കുന്നത്.

സ്വത്വം വിഷയമാകുമ്പോള്‍ അധരവ്യായാമം മതിയോ? എന്ന തലക്കെട്ടിലാണ് ലേഖനം. സ്ത്രീകളെ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ളതാണ് മെക് 7 സംഘടിപ്പിക്കുന്ന വ്യായാമമെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.

'ഏത് കാര്യവും സ്ത്രീസൗഹൃദ രീതിയിലാകണമെന്ന് ചിന്തിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. സ്ത്രീകള്‍ക്കായി ബസുകളില്‍ പ്രത്യേകം സീറ്റുകള്‍ നല്‍കുന്നതും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്്‌ലെറ്റുകളും വിശ്രമ സ്ഥലങ്ങളും സജ്ജീകരിക്കുന്നതുമെല്ലാം അവരുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ മെക്-7ന്റെ ഭാഗമായി സ്ത്രീകളെ അന്യപുരുഷന്മാരോടൊപ്പം നിര്‍ത്തി എക്സര്‍സൈസ് ചെയ്യിക്കുന്ന വീഡിയോകള്‍ പുറത്തുവരാന്‍ തുടങ്ങി.' എന്ന് ലേഖനത്തില്‍ പറയുന്നു.

'പാരമ്പര്യ മുസ്ലിം വിശ്വാസികള്‍ സ്ത്രീകളെ ഇത്തരം പൊതുവേദികളിലെ പ്രദര്‍ശന വസ്തുക്കളാക്കുന്നതിനെതിരെ ശക്തമായ നിലപാട് നേരത്തേയുള്ളവരാണ്. എന്നാല്‍ മുജാഹിദ് വിഭാഗത്തിലെ പണ്ഡിതന്മാര്‍ പോലും അവരുടെ ജുമുഅ പ്രസംഗങ്ങളില്‍ വരെ ഇതിനെതിരെ ആഞ്ഞടിച്ചു. നവംബര്‍ 29ന് മുജാഹിദ് നേതാവ് കെ വി അബ്ദുല്ലത്തീഫ് മൗലവി തന്റെ ജുമുഅ പ്രസംഗത്തില്‍ പറഞ്ഞത്, സ്ത്രീകളുടെ ഈ തുള്ളലും ചാട്ടവും പൈശാചികമാണെന്നാണ്. ഇ കെ വിഭാഗം സുന്നി നേതാവ് ബശീര്‍ ഫൈസി ദേശമംഗലവും ഈ പ്രവണതക്കെതിരെ ജാഗ്രത വേണമെന്ന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചെ'ന്നും ലേഖനത്തില്‍ പറയുന്നു.

ചിലയിടങ്ങളില്‍ ഇതിന്റെ പേരില്‍ കുടുംബ സംഗമങ്ങളും ഉല്ലാസ യാത്രകളും ആരംഭിച്ചു. ചിലയിടങ്ങളില്‍ നിന്ന് നിങ്ങള്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ച് പരസ്പരം സലാം പറയുക തുടങ്ങിയ മതോപദേശങ്ങളും കേള്‍ക്കാനിടയായി. സ്വാഭാവികമായും മെക്-7 പദ്ധതിയെ ആരോ ഹൈജാക്ക് ചെയ്യുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നുവെന്നും ലേഖനത്തിലുണ്ട്.

മെക് 7 നെതിരെ വിമര്‍ശനമുയര്‍ന്നതോടെ ചിലര്‍ രംഗത്തെത്തി. ജമാഅത്തെ ഇസ്‌ലാമി പശ്ചാത്തലമുള്ളവരായിരുന്നു അവരില്‍ കൂടുതലും. ഇതോടെ മെക് 7നെ മറയാക്കി മുസ്‌ലിം സ്ത്രീകളെ തെരുവിലിറക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് വ്യക്തമായെന്നും ലേഖനത്തില്‍ പറയുന്നു.

സ്ത്രീകളെ വെച്ച് പരസ്യ കവാത്ത് കളിപ്പിച്ചവര്‍ ഇപ്പോള്‍ നല്ലപിള്ള ചമയുകയാണ്. ഏതായാലും ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനിടയില്‍ സാംസ്‌കാരിക സ്വത്വം കളഞ്ഞുകുളിക്കാതിരിക്കാനും കുടുംബ ഭദ്രത തകരാതിരിക്കാനും സമുദായം ജാഗ്രത കാട്ടണം. സാംസ്‌കാരികാധിനിവേശത്തിനെതിരെ സമുദായത്തെ ബോധവത്കരിക്കുന്നവരെ കുരിശില്‍ തറക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്.

Content Highlights: AP section Samasta has reactivated the discussions about the Mec 7

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us