കൊച്ചി: വണ്ടിപ്പെരിയാര്‍ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞതില്‍ ആശ്വാസമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍. ഉത്തരവിട്ട ഹൈക്കോടതിക്കും ജഡ്ജിമാര്‍ക്കും നന്ദി അറിയിക്കുന്നു. കേസില്‍ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. പ്രതിയെ വെറുതെവിട്ട കട്ടപ്പന കോടതിയുടെ നടപടിയില്‍ താനും കുടുംബവും ദുഃഖിതരായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
കേസില്‍ പ്രതി അര്‍ജുന്‍ പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി.
2021 ന് ജൂണ്‍ 30 നാണ് ആറുവയസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അയല്‍വാസിയായ അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ തെളിവ് ശേഖരണത്തിലടക്കം കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Content Highlights- father of girl reaction on court verdict on vandiperiyar case