തൊടുപുഴ: പോക്സോ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതി എസ്ഐയുടെ കൈക്ക് കടിച്ചു. മൂന്നാർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജേഷ് കെ ജോണിനാണ് പ്രതിയുടെ കടിയേറ്റത്. മൂന്നാറിന് സമീപമുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതി പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എസ്ഐയുടെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ തമിഴ്നാട്ടിലെത്തി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വാഹനത്തിൽ കയറ്റുന്നതിനിടെ പ്രതി എസ്ഐയുടെ കയ്യിൽ കടിക്കുകയായിരുന്നു. ഇയാളെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികൾ ചേർന്ന് പൊലീസ് വാഹനം തടഞ്ഞു. ഇവരുടെ എതിർപ്പ് മറികടന്നാണ് പ്രതിയെ പൊലീസ് സംഘം വാഹനത്തിൽ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.
Content Highlights: Minor accused in POCSO case bites SI's hand