കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തട്ടിപ്പ് ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷത്തില്‍ എം എസ് സൊല്യൂഷന്‍സ് ഉടമ എം എസ് ഷുഹൈബ് ചോദ്യ പേപ്പര്‍ ചോര്‍ത്തി എന്നാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഷുഹൈബിന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ്. പരാതി നല്‍കിയ അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. എംഎസ് സൊല്യൂഷന്‍സ് ഉള്‍പ്പടെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക ക്രൈംബ്രാഞ്ച് സംഘം തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉണ്ടായിരുന്നു. ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് യൂട്യൂബ് ചാനലില്‍ വന്നത്. ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ പണം ആവശ്യപ്പെട്ടതായും കെഎസ്‌യു ആരോപിച്ചിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
Content Highlights: Crime Brach Registered Case On Question Paper Leak Allegation