പത്തനംതിട്ട: കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് പതിനെട്ടുകാരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
മറ്റാരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സഹപാഠിക്ക് പ്രായപൂര്‍ത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 18 വയസും ആറ് മാസവുമാണ് അഖിലിന്റെ പ്രായമെന്ന് പൊലീസ് പറഞ്ഞു.
പനി ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയെ ആരോഗ്യനില മോശമായതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരുന്നു മരണം. മരണത്തില്‍ അസ്വാഭാവികയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അമിതഅളവില്‍ മരുന്നുകളെത്തിയതായും ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Content Highlights: DNA Test Result Out In Pathanamthitta Students Death