കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ ഖാർഗെയും രാഹുൽ ഗാന്ധിയും തീരുമാനിക്കും: കെ മുരളീധരൻ

മോണ്‍സന്‍ മാവുങ്കല്‍ കേസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടാകുമെന്നും മുരളീധരന്‍

dot image

പത്തനംതിട്ട: ശബരിമലയില്‍ പൊലീസും ദേവസ്വം ബോര്‍ഡും നല്ല ഏകോപനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദര്‍ശനം സുഗമമായി നടക്കുന്നുവെന്നും കഴിഞ്ഞ വര്‍ഷത്തെ അനുഭവം വെച്ച് ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താനാണ് സ്‌പോട്ട് ബുക്കിങ്ങ് ആദ്യം വേണമെന്ന് പറഞ്ഞതെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സ്‌പോട്ട് ബുക്കിങ്ങ് നടപ്പാക്കിയത് ഗുണമായെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും ഒരുപാട് ജോലികള്‍ ബാക്കിയുണ്ട്. ആദ്യം തിരഞ്ഞെടുപ്പ് വിജയിക്കുക എന്നതിന് പ്രാധാന്യമുണ്ട്', അദ്ദേഹം പറഞ്ഞു.

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 'മാവുങ്കലിനെ ഞങ്ങള്‍ ന്യായീകരിച്ചിട്ടില്ല. സുധാകരനെ കേസിലേക്ക് വലിച്ചിഴക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. നല്ല ചികില്‍സ എന്ന് പറഞ്ഞാണ് സുധാകരന്‍ പോയത്. ഉടങ്കൊല്ലി വൈദ്യരുടെ അടുത്ത് പോകരുത് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സുധാകരന്‍ ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നുണ്ട്', കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

തൃശൂര്‍ പൂരം നടത്തിപ്പില്‍ സുപ്രീം കോടതി നന്നായി ഇടപെട്ടെന്നും ക്ഷേത്ര കാര്യങ്ങളില്‍ അധികാരം തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യത്തിലും അവരെ നിയന്ത്രിക്കുന്നത് ശരിയല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Content Highlights: K Murleedharan about Sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us